പാലക്കാട്: തൃശ്ശൂർ പുതുക്കാട് ലോറിയിടിച്ച് പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശി റിജാസ് (22) മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. ഇത് വെറുമൊരു റോഡപകടമല്ലെന്നും മനഃപൂർവം ലോറി ഇടിപ്പിച്ചു കൊലപ്പെടുത്തിയതാണെന്നുമാണ് കുടുംബത്തിന്റെ ഗുരുതരമായ ആരോപണം. സംഭവസ്ഥലത്തുനിന്നുള്ള നടുക്കുന്ന ദൃശ്യങ്ങളും ഇതിന് തെളിവായി പുറത്തുവന്നിട്ടുണ്ട്. അപകടത്തിന് ഏകദേശം 15 മിനിറ്റ് മുമ്പ് ലോറി ഡ്രൈവറും റിജാസും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നുവെന്നും കുടുംബം വ്യക്തമാക്കുന്നു.
വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലും പിന്നീട് അപകടത്തിലും കലാശിച്ചതെന്ന് ഒപ്പമുണ്ടായിരുന്നതും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതുമായ സുഹൃത്ത് പറഞ്ഞതായി കുടുംബം വെളിപ്പെടുത്തി. ബൈക്കിന് മുന്നിൽ സഞ്ചരിച്ചിരുന്ന കാറിലെ റിയർ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഈ വാദങ്ങളെ സാധൂകരിക്കുന്നതാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.



























