കോന്നി : തെരുവ് നായ പ്രശ്‍നം ഫലപ്രദമായി പരിഹരിക്കുന്നതിന്റെ ഭാഗമായി അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് സർക്കാരിനൊപ്പം സുപ്രീം കോടതിയിൽ കേസിൽ കക്ഷി ചേരുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയ് അറിയിച്ചു. ജനങ്ങൾക്ക് ഭീതി കൂടാതെ തെരുവുകളിൽ കൂടി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കുവാൻ ഉള്ള ഉത്തര വാദിത്വം പ്രാദേശിക ഭരണ കൂടം എന്ന നിലയിൽ ഗ്രാമ പഞ്ചായത്തിനുണ്ട്. ആ ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് കേസിൽ കക്ഷി ചേരുന്നത്.
നിലവിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളിൽ ശാശ്വതമായ ഒരു പരിഹാരം കാണുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വളർത്തുനായകൾക്ക് വാക്സിനേഷനും സർട്ടിഫിക്കറ്റും ഗ്രാമ പഞ്ചായത്ത് നൽകി വരുകയാണ്. നായ ആക്രമണത്തിൽ പരുക്കേൽക്കുന്ന ഒരാൾക്ക് നഷ്ട പരിഹാരം നൽകേണ്ടത് ഗ്രാമ പഞ്ചായത്താണ്. നാടിൻറെ വികസന പ്രവർത്തനത്തിന് വേണ്ടി വിനിയോഗിക്കേണ്ട തുക തെരുവ് നായകൾക്ക് വേണ്ടി വിനിയോഗിക്കേണ്ട അവസ്ഥയാണിപ്പോൾ. വീട്ടിൽ വളർത്തുന്ന നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കാതിരിക്കാൻ ഉള്ള ബോധവൽക്കരണവും ജനങ്ങൾക്ക് നൽകും. കഴിഞ്ഞ ദിവസം അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൽ ചേർന്ന യോഗത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത്.