തിരുവനന്തപുരം; കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ചെലവ് ചുരുക്കാന്‍ നിര്‍ദേശവുമായി ധനവകുപ്പ്. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും ചെലവ് ചുരുക്കണമെന്നാണ് ധനവകുപ്പിന്റെ ഉത്തരവ്. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍ നിന്ന് പലിശ സഹിതം പണം തിരികെ പിടിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. സെമിനാറുകള്‍, ശില്‍പ്പശാലകള്‍, പരിശീലന പരിപാടികള്‍ എന്നിവയ്ക്ക് പഞ്ച നക്ഷത്ര ഹോട്ടലുകള്‍ വേണ്ടെന്നും പകരം വകുപ്പിലെ മറ്റ് സംവിധാനങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്നുമാണ് ധനവകുപ്പ് നിര്‍ദേശം.
പല സ്ഥാപനങ്ങളും പരിപാടികള്‍ വലിയ ഹോട്ടലുകളില്‍ വച്ച് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. നിര്‍ദ്ദശം ലംഘിച്ചാല്‍ ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍ നിന്ന് പലിശ സഹിതം പണം തിരികെ പിടിക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ചിരുന്നു. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ മാറിയെടുക്കാന്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി തേടണം. നേരത്തെ ഇത് പത്ത് ലക്ഷം രൂപയായിരുന്നു. ഓണക്കാല ചെലവുകള്‍ക്കുള്ള പണം ട്രഷറിയില്‍ ഉണ്ടെന്ന് ഉറപ്പിക്കാനാണ് നിയന്ത്രണമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.