തൃശൂര്‍ : വ്യാജ അനിശ്ചിതകാല സമരാഹ്വാനം നടത്തിയ രണ്ട് ജീവനക്കാരെ അന്വേഷണവിധേയമായി കെ.എസ്.ആര്‍.ടി.സി സസ്‍പെന്‍ഡ് ചെയ്തു. മൂവാറ്റുപ്പുഴ യൂണിറ്റിലെ ഡ്രൈവര്‍ റെജി കെ.പി, അങ്കമാലി യൂണിറ്റിലെ ഡ്രൈവര്‍ രതീഷ് കെ.പി എന്നിവര്‍ക്കെതിരെയാണ് നടപടി. അന്വേഷണത്തില്‍ രതീഷാണ് സന്ദേശം ഫോര്‍വേഡ് ചെയ്തതെന്ന് കണ്ടെത്തിയെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. സര്‍ക്കാറിനും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിനുമെതിരെ വസ്തുനിഷ്ടമല്ലാത്ത കാര്യങ്ങളാണ് സന്ദേശത്തിലുണ്ടായിരുന്നത്.
ഇത് വസ്തുനിഷ്ടമല്ലെന്ന് അറിഞ്ഞിട്ടും ജീവനക്കാര്‍ ഇത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും കോര്‍പ്പറേഷന്റെ നിലവിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവനക്കാരെ മിന്നല്‍ പണിമുടക്കിലേക്ക് തള്ളിവിടാന്‍ തക്കവിധം മറ്റ് ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിക്കാന്‍ ഇടയാക്കിയതും കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് കെ.എസ്.ആര്‍.ടി.സി വിലയിരുത്തല്‍. നേരത്തെ ശമ്പളം വൈകിയതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. പണിമുടക്കിനെ തുടര്‍ന്ന് കോര്‍പ്പറേഷന് കോടികളുടെ നഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. പണിമുടക്കിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു ഉള്‍പ്പടെ രംഗത്തെത്തുന്ന സാഹചര്യവുമുണ്ടായി.