ചെങ്ങന്നൂര്‍ : മാവേലിക്കര സപ്ലൈകോ മാനേജരുടെ ആഫീസിന് മുൻപില്‍ നടന്നുവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം താൽക്കാലികമായി നിർത്തിവെച്ചു. ആലപ്പുഴ ജില്ലയിലെ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സമരം താൽക്കാലികമായി നിർത്തിവെയ്ക്കാന്‍ തീരുമാനിച്ചത്. ചെറിയനാട് ഗോഡൗണിലെത്തേണ്ട ലോഡുകൾ യാതൊരു അറിയിപ്പുമില്ലാതെ മാവേലിക്കരയിലെ ഒരു സ്വകാര്യ ഗോഡൗണിൽ ഇറക്കി മാവേലിക്കരയിലെ തന്നെ മറ്റൊരു പൂളിലെ 7 തൊഴിലാളികളെ നിർബന്ധിച്ച് ഉപയോഗിച്ച് കയറ്റിറക്ക് തുടങ്ങിയപ്പോഴാണ് ചെറിയനാട് ഗോഡൗണിലെ 24 തൊഴിലാളികൾ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചത്. സംസ്ഥാന മന്ത്രിസഭയിലെ 4മന്ത്രിമാരും ട്രേഡ് യൂണിയൻ പ്രതിനിധികളും യോഗം ചേർന്ന് ചർച്ച ചെയ്ത് എടുത്ത തീരുമാനങ്ങളുടെ ഭാഗമായി ഗോഡൗണിൽ നിന്നും അരി വിതരണം പുനരാരംഭിച്ചത് ഏകപക്ഷീയമായാണ് സപ്ലൈകോ ഉദ്യോഗസ്ഥരും കോൺട്രാക്ടറും ചേർന്ന് അട്ടിമറിച്ചത്.
കഴിഞ്ഞ നാല് വർഷമായിെ ചെയ്തു കൊണ്ടിരുന്ന വാതിൽപ്പടി വിതരണം പൂർണമായും ടി തൊഴിലാളികളിൽ നിന്നും തട്ടിയെടുത്തു. ഇപ്പോൾ ചെങ്ങന്നൂർ AL0 അനുവദിച്ച ലേബർ കാർഡിൽ സൂചിപ്പിച്ച തൊഴിൽ പോലും പൂർണമായും നഷ്ടപ്പെടുകയും ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് ചെങ്ങന്നൂർ സബ് ആഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ടി തൊഴിലാളികളുടെ ആനുകൂല്യങ്ങളെല്ലാം തന്നെ കഴിഞ്ഞ 5 മാസത്തോളമായി മുടങ്ങുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ അടിയന്തിരമായി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാൻ പൊതുവിതരണ – തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ നിരോധനാജ്ഞ പിൻവലിക്കുന്ന മുറയ്ക്ക് സമരം ശക്തിയായി പുനരാരംഭിക്കാൻ തൊഴിലാളികളുടെ സംയുക്ത യോഗം തീരുമാനമെടുത്തു. സി.കെ.ഉദയകുമാർ, എം.കെ മനോജ്, കെ.ദേവദാസ്, വേണു പഞ്ചവടി ,ഭാസി, മനോജ് മോഹൻ ബാബുക്കുട്ടൻ എന്നിവർ സംസാരിച്ചു.