കോഴിക്കോട് : വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആരോപണ വിധേയനായ അധ്യാപകനെ പരീക്ഷാ കണ്‍ട്രോളറാക്കാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ തീരുമാനം. പരീക്ഷക്ക് അവസരം കിട്ടാത്തതിനെ തുടര്‍ന്ന് പഞ്ചാബ് സ്വദേശിയായ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പലായിരിക്കേ ആരോപണ വിധേയനായ ഗോഡ്‌വിന്‍ സാമ്രാജിനാണ് പുതിയ ചുമതല. ഇടത് അധ്യാപക യൂണിയന്‍ നേതാവാണ് ഗോഡ്‌വിന്‍.
അന്ന് കോളജ് പ്രിന്‍സിപ്പലായിരുന്ന ഗോഡ്‌വിന്റെ കാലുപിടിച്ചപേക്ഷിച്ചിട്ടും കനിഞ്ഞില്ലെന്ന് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജസ്പ്രീത് സിങ്ങിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. ഗുരുതരമായ ആരോപണങ്ങളായിരുന്നു ഗോഡ്‌വിനെതിരെ ഉയര്‍ന്നത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടും ഹാജര്‍ അനുവദിച്ചില്ല. സംസ്കാരച്ചടങ്ങില്‍ അധ്യാപകരാരും പങ്കെടുത്തില്ല. പ്രിന്‍സിപ്പല്‍ മാപ്പുപറയണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ഒന്നും ഉണ്ടായില്ല.
2020 മാര്‍ച്ചിലാണ് കോണ്‍വന്റ് റോഡിലെ സീഗള്‍ അപാര്‍ട്ട്മെന്റില്‍ ജസ്പ്രീതിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാം വര്‍ഷ ഇക്കണോമിക്സ് വിദ്യാര്‍ഥിയായ ജസ്പ്രീതിന് ഏഴ് ശതമാനം ഹാജര്‍ കുറവാണെന്ന് കാട്ടി പരീക്ഷയെഴുതാന്‍ കോളേജ് അനുവദിച്ചിരുന്നില്ല. ഹാജറിന്‍റെ പേരില്‍ കോളേജ് പീഡിപ്പിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. രക്ഷിതാക്കളെ കൂട്ടി വന്നപ്പോഴും ജസ്പ്രീത് സിങ്ങിനോട് കോളേജ് അധികൃതര്‍ മോശമായി പെരുമാറി. ഇതാണ് ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ടത് എന്നാണ് ആക്ഷേപം.
പഞ്ചാബ് സ്വദേശിയായ ജസ്പ്രീതും കുടുംബവും പത്തുവര്‍ഷമായി കോഴിക്കോടാണ് താമസം. നഗരത്തില്‍ പഞ്ചാബി റസ്റ്ററന്റ് നടത്തുകയാണ് ജസ്പ്രിതിന്റെ അച്ഛന്‍ മന്‍മോഹന്‍. ജസ്പ്രീതിന്റെ മരണത്തില്‍ ടൗണ്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കോളേജ് അധികൃതര്‍ക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കോളേജ് അധികൃതരില്‍ നിന്നും വിവരം ശേഖരിച്ചിരുന്നു. ജസ്പ്രീത് സിങ് മോഹിതിന് പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ചത് സര്‍വകലാശാല ചട്ടം അനുസരിച്ചുള്ള സ്വാഭാവിക നടപടിക്രമമാണെന്ന് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പലായിരുന്ന ഗോഡ്‌വിന്‍ അന്ന് വ്യക്തമാക്കിയിരുന്നു.
പരീക്ഷ എഴുതാനായി ഓരോ സെമസ്റ്ററിലും 75% ഹാജര്‍ ആവശ്യമാണ്. ഹാജര്‍ കുറവുള്ളവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പിഴയടച്ച് പരീക്ഷയെഴുതാം. എന്നാല്‍ ആറു സെമസ്റ്ററില്‍ രണ്ടുവട്ടമേ ഈ ഇളവ് ലഭിക്കൂ. ജസ്പ്രീതിന് മുന്‍പ് രണ്ടു വട്ടം ഈ അവസരം ലഭിച്ചതിനാലാണ് ആറാം സെമസ്റ്ററില്‍ ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതാനുള്ള അനുമതി നിഷേധിച്ചത്. ജസ്പ്രീത് ഉള്‍പ്പെടെ 15 വിദ്യാര്‍ഥികള്‍ക്കാണ് ആറാം സെമസ്റ്ററില്‍ ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതാനുള്ള അനുമതി നല്‍കാതിരുന്നതെന്നുമായിരുന്നു പ്രിന്‍സിപ്പലിന്‍റെ നിലപാട്.
ആത്മഹത്യക്ക് പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ ഒന്നടങ്കം പ്രക്ഷോഭത്തിനിറങ്ങിയ പശ്ചാത്തലത്തില്‍ ആഭ്യന്തര അന്വേഷണത്തിന് കോളേജ് നിര്‍ദ്ദേശം നല്‍കിയിരുന്നു. വീഴ്ച്ച കാലിക്കറ്റ് സര്‍വകലാശാലയുടേതാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് പ്രിന്‍സിപ്പല്‍ നടത്തിയതെന്ന ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ള ഗോഡ്‌വിനെ പരീക്ഷാ കണ്‍ട്രോളറായി സിന്‍ഡിക്കേറ്റ് തെരഞ്ഞെടുക്കുകയായിരുന്നു.