എടവണ്ണ: മലപ്പുറം ജില്ലയിലെ എടവണ്ണ ബസ് സ്റ്റാന്‍ഡില്‍ സദാചാര പോലീസിന്റെ മുന്നറിയിപ്പ് ബോര്‍ഡ്. ‘വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കണം അഞ്ചുമണിക്ക് ശേഷം ഈ പരിസരത്ത് കണ്ടാല്‍ കൈകാര്യം ചെയ്യും, എന്നിങ്ങനെയാണ് നാട്ടുകാരുടെ മുന്നറിയിപ്പ്. എന്നാല്‍ ഈ നൂറ്റാണ്ടിലേക്ക് വണ്ടി കിട്ടാത്തവര്‍ക്ക് ചുട്ട മറുപടിയുമായി വിദ്യാര്‍ത്ഥികളും രംഗത്തെത്തി. ഒടുവില്‍ പ്രശ്‌നം വഷളാകാതെ എടവണ്ണ പോലീസ് എത്തി രണ്ട് ഫ്‌ലക്‌സ് ബോര്‍ഡുകളും എടുത്തുമാറ്റി.
‘അഞ്ചുമണിക്ക് ശേഷം വിദ്യാര്‍ഥികളെ ഈ പരിസരത്ത് കണ്ടാല്‍ കൈകാര്യം ചെയ്യുമെന്ന്’ ഓര്‍മ്മിപ്പിയ്ക്കുന്ന ബോര്‍ഡ് സ്ഥാപിച്ചത് എടവണ്ണ ജനകീയ കൂട്ടായ്മയുടെ പേരിലാണ്. കഴിഞ്ഞ ദിവസമാണ് ബോര്‍ഡ് സ്ഥാപിച്ചത്. അടുത്തിരുന്നാലും സംസാരിച്ചാലും സദാചാര നോട്ടത്തോടെ എത്തുന്നവര്‍ക്ക് മറുപടിയുമായി വിദ്യാര്‍ത്ഥികളും ഫ്‌ലക്‌സുമായെത്തി. ആധുനിക ഡിജിറ്റല്‍ സ്‌കാനറുകളെ വെല്ലുന്ന നോട്ടമുള്ള സദാചാര അങ്ങളമാര്‍ പുതിയ കാലത്തേക്ക് ഒന്ന് എത്തി നോക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ മറുപടി. സദാചാര പോലീസ് ആകാന്‍ ആരെയും അനുവദിക്കില്ലെന്നും സംഭവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും എടവണ്ണ പോലീസ് പറഞ്ഞു.