ആലപ്പുഴ: എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി ബി ഡി ജെ എസ് നേതാവ് സുഭാഷ് വാസു. ഈഴവ സമൂഹത്തിന്റെ രക്തം ഊറ്റിക്കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയും കുടുംബവും. ആറ്റിങ്ങല്‍, ആരൂര്‍, ആലപ്പുഴ സീറ്റുകളില്‍ സി പി എമ്മുമായി വെള്ളാപ്പള്ളി ഒത്തുകളിച്ചു. സംസ്ഥാനത്തു നടന്ന പല കൊലപാതകങ്ങളിലും വെള്ളാപ്പള്ളി നടേശന് പങ്കുണ്ടെന്നും സുഭാഷ് വാസു പറഞ്ഞു. തനിക്കെതിരെ വന്നാല്‍ എല്ലാ തെളിവുകളും പുറത്തുവിടുമെന്നും അദ്ദേഹം ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തുഷാറിനെതിരെ നിരവധി തട്ടിപ്പു കേസുകള്‍ നിലവിലുണ്ട് ദുബായില്‍ കേസ് കൊടുത്ത യുവാവ് തട്ടിപ്പിനിരയായ 16 പേരില്‍ ഒരാള്‍ മാത്രമാണ്. പലര്‍ക്കും ലക്ഷക്കണക്കിന് ദിര്‍ഹം തുഷാര്‍ നല്‍കാനുണ്ട്. തനിക്ക് മാത്രം 3,60,000 ദിര്‍ഹം നല്‍കാനുണ്ടെന്നും സുഭാഷ് വാസു പറഞ്ഞു. വെള്ളാപ്പള്ളിക്കെതിരെ കൂടുതല്‍ തെളിവുകള്‍ വൈകാതെ പുറത്തുവിടുമെന്നുംഅദ്ദേഹം പറഞ്ഞു.സാമ്പത്തിക ഇടപാടുകളില്‍ കേന്ദ്രത്തിന്റെ പിടിവീഴാതിരിക്കാനാണ് തുഷാര്‍ എന്‍ ഡി എയുമായി സഹകരിക്കുന്നതെന്നും ബി ഡി ജെ എസിന്റെ പ്രസിഡന്റ് താനാണ്. അതിന്റെ എല്ലാ രേഖകളും കയ്യിലുണ്ട്. പ്രസിഡന്റാണെന്ന് യോഗത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി അഭിനയിക്കുകയാണെന്നും സുഭാഷ് വാസു പറഞ്ഞു.
2002ല്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുമ്പോള്‍ അവര്‍ തുഷാറിന് സ്ഥിരീകരിച്ചത് 1.80 കോടി രൂപയുടെ ആസ്തിയാണ്. എന്നാല്‍ ലോകത്ത് പലയിടത്തായി തുഷാറിന് 500 കോടിയില്‍ ഏറെ രൂപയുടെ നിക്ഷേപമുണ്ട്. എസ് എന്‍ ഡി പി പ്രസ്ഥാനത്തില്‍ നിന്ന് ഊറ്റിയെടുത്ത പണംകൊണ്ട് വെള്ളാപ്പള്ളി കുടുംബം മക്കാവുവില്‍ ഫ്‌ളാറ്റ് വാങ്ങിയിട്ടുണ്ടെന്നും സുഭാഷ് വാസു ആരോപിക്കുന്നു.
ചെറിയൊരു തുക പോലും യോഗത്തിന് സംഭാവന നല്‍കാത്ത വെള്ളാപ്പള്ളിക്ക് 2002നും ശേഷം ആയിരം കോടി രൂപയുടെ ആസ്തിയുണ്ടായി. എസ് എന്‍ ഡി പി പ്രസ്ഥാനത്തെ വഞ്ചിച്ചാണ് പണം സമ്പാദിച്ചത്. മാവേലിക്കര യൂണിയനില്‍ നിന്ന് ഒരു വെള്ളിക്കാശ് എങ്കിലും താന്‍ എടുത്തതായി ആര്‍ക്കും പറയാന്‍ കഴിയില്ല. എസ് എന്‍ ഡി പി യോഗത്തില്‍ നിന്ന് വെള്ളാപ്പള്ളിയേയും കുടുംബത്തേക്കും പുറത്താക്കുകയാണ് തന്റെ ലക്ഷ്യം. കോന്നിയില്‍ താന്‍ 28 ഏക്കര്‍ വാങ്ങിച്ചുവെന്ന കാര്യം ശരിയാണ്. ഇത്രയും കാലത്തെ ബിസിനസ് കൊണ്ടുണ്ടാക്കിയ സമ്പാദ്യം കൊണ്ടാണ് ആ സ്ഥലം വാങ്ങിയത്. മാവേലിക്കര യൂണിയനു കീഴില്‍ വരുന്ന കട്ടച്ചിറയിലെ ശ്രീ വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിംഗ് കോളജുമായി ബന്ധപ്പെട്ട് തനിക്കെതിരെ തുഷാര്‍ ഉയര്‍ത്തിയ ആരോപണം ശരിയല്ലന്നും സുഭാഷ് വാസു പറഞ്ഞു