ന്യൂഡൽഹി: 22,006 കോടി രൂപയുടെ കടബാധ്യത തിരിച്ചടവ് സംബന്ധിച്ച കേസിൽ പ്രമുഖ വ്യവസായിയും എസ്സൽ ഗ്രൂപ്പ് ചെയർമാനുമായ സുഭാഷ് ചന്ദ്രയ്ക്ക് വൻതിരിച്ചടി. കടബാധ്യത തിരിച്ചടയ്ക്കുന്നത് സംബന്ധിച്ച് വ്യക്തിഗത പാപ്പരത്ത കേസിൽ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻ.സി.എൽ.ടി) സിംഗിൾ ബെഞ്ച് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് അഞ്ചംഗ ബെഞ്ച് സ്റ്റേ ചെയ്തു. കേസ് വീണ്ടും കേൾക്കാനും ബെഞ്ച് തീരുമാനിച്ചു. വിവിധ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നൽകാനുള്ള 22,006 കോടി രൂപയ്ക്ക് പകരം 6.5 കോടി രൂപ തിരിച്ചടച്ചാൽ മതിയെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ് വിവാദമായത്.
വിഷയം പൊതുസമൂഹത്തിൽ വലിയ ചർച്ചയ്ക്ക് ഇടയാക്കിയതോടെയാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത എൻസിഎൽടിയിൽ ഹാജരാകുകയും കേസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. ബാങ്കുകൾക്കു വേണ്ടിയാണ് അദ്ദേഹം ഹാജരായത്. വിവിധ ഹർജികൾ പരിഗണിച്ചാണ് എൻസിഎൽടിയുടെ അഞ്ചംഗ ബെഞ്ച് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്തത്.






























