കോഴിക്കോട് : ഡി.സി.സി പ്രസിന്റുമാരെ തെരഞ്ഞെടുത്തതിലെ തർക്കത്തിൽ പരസ്യപ്രതികരണത്തിന് തനിക്ക്നേരെയുള്ള അച്ചടക്കനടപടി തള്ളി കോൺഗ്രസ് നേതാവ് കെ.പി അനിൽകുമാർ. എന്ത് അച്ചടക്കരാഹിത്യമാണ് താൻ കാണിച്ചതെന്നും എവിടെ നിന്നാണ് ആരാണ് തന്നെ പുറത്താക്കിയതെന്നും അനിൽകുമാർ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമെതിരേ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. മുൻപ് പല കെ.പി.സി.സി പ്രസിഡന്റുമാർക്കെതിരേയും സുധാകരൻ നടത്തിയ വിമർശനങ്ങൾ എം.എൽ.എ മാത്രമായിരുന്നപ്പോൾ പാർട്ടി നേതാക്കൾ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നിവർക്കെതിരേ സതീശൻ നടത്തിയിട്ടുള്ള വിമർശനങ്ങൾ എന്നിവയിലുണ്ടായ അച്ചടക്കരാഹിത്യം തനിക്ക് ഉണ്ടായിട്ടില്ലെന്നും അനിൽകുമാർ പറഞ്ഞു.
തന്നേക്കാൾ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ഉമ്മൻ ചാണ്ടിയെ സസ്പെൻഡ് ചെയ്യുമോ എന്നാണ് അനിൽകുമാർ നേതൃത്വത്തോട് ചോദിക്കുന്നത്. ഗ്രൂപ്പിസം അവസാനിപ്പിക്കും എന്ന് പറഞ്ഞ് നേതൃമാറ്റം ഉണ്ടാക്കിയവർ പഴയതിലും മോശമായിട്ടാണ് കാര്യങ്ങൾ കൈകാര്യം ചെയ്തതെന്നും അനിൽകുമാർ വിമർശിച്ചു. ഗ്രൂപ്പിന്റെ ഭാഗമല്ലാത്ത ഒരാളേപ്പോലും പുതിയ പട്ടികയിൽ കാണിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യാഥാർത്ഥ്യം വിളിച്ചുപറഞ്ഞാൽ എങ്ങനെയാണ് അച്ചടക്കലംഘനമാവുകയെന്നും അനിൽകുമാർ ചോദിക്കുന്നു.
കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും എ.ഐ.സി.സി അംഗവുമായ തന്നെ ആരാണ് ഏത് ഫോറത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണോ സസ്പെൻഷൻ. സസ്പെൻഡ് ചെയ്തോട്ടേ പക്ഷേ അതിനുള്ള നടപടി ക്രമങ്ങൾ പാലിച്ചോ, ഫോണിൽ പോലും വിളിച്ച് വിശദീകരണം ചോദിക്കുകയോ ചെയ്യാതെ എങ്ങനെയാണ് സസ്പെൻഡ് ചെയ്യുകയെന്നും അദ്ദേഹം ചോദിക്കുന്നു. വിഷയം ചൂണ്ടിക്കാണിച്ച് നാളെ എ.ഐ.സി.സിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ചാനൽ ചർച്ചയിൽ പറഞ്ഞ അഭിപ്രായ പ്രകടനങ്ങൾ ആരേയും വ്യക്തിപരമായി അക്രമിക്കുകയെന്ന ഉദ്ദേശത്തോടെയല്ലെന്നും പാർട്ടിയെ രക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. 70 ശതമാനത്തിൽ അധികം വരുന്ന കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ് താൻ പങ്കുവെച്ചതെന്നും നൂറുകണക്കിന് ബ്ലോക്ക് പ്രസിഡന്റുമാരും മണ്ഡലം പ്രസിഡന്റുമാരും തനിക്ക് പിന്തുണയറിയിച്ചുവെന്നും അനിൽ കുമാർ പറയുന്നു.
കോഴിക്കോട് ജില്ലയിൽ എം.കെ രാഘവനാണ് പാർട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും വിമർശനം ആവർത്തിച്ചു. താൻ അല്ലാതെ ജില്ലയിൽ നിന്ന് ആരും പാർലമെന്ററി രംഗത്ത് വരരുതെന്ന വാശിയാണ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് ജില്ലയിൽ തോൽവി സമ്മാനിച്ചതെന്നും അനിൽകുമാർ പറഞ്ഞു. ഒരു എം.എൽ.എ അല്ലെങ്കിൽ എം.പി ഉണ്ടായാൽ പാർട്ടിയുടെ ആ പ്രദേശത്തെ സംഘടനയെ മുഴുവൻ അവരേ ഏൽപ്പിച്ചാൽ പാർട്ടിക്ക് എങ്ങനെയാണ് വളർച്ചയുണ്ടാവുകയെന്നും അനിൽകുമാർ ചോദിച്ചു. ഇപ്പോഴത്തെ പട്ടികയിൽ എല്ലാവരും വെട്ടിപിടിച്ച് സ്ഥാനം നേടിയവരാണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.