പാറശാല : വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടക്കെണി മൂലം ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. ഒപ്പം കുളത്തില്‍ ചാടിയ ഭര്‍തൃസഹോദരനായി തിരച്ചില്‍ തുടരുന്നു. ജന്മനാ അന്ധനും ബധിരനും മാനസിക വെല്ലുവിളി നേരിടുന്ന ആളുമാണ് ഇയാള്‍. വീടിനു സമീപമുള്ള പെരുമ്പല്ലി കുളത്തിലാണ് തെരച്ചില്‍ നടക്കുന്നത്.
ചെങ്കല്‍ പോരന്നൂര്‍ തോട്ടിന്‍കര ചിന്നംകോട്ടുവിള വീട്ടില്‍ പരേതനായ നാഗരാജന്‍റെ ഭാര്യ സരസ്വതി (55)യുടെ മൃതദേഹമാണ് കണ്ടെടുത്തത്. നാഗരാജന്റെ സഹോദരന്‍ നാഗേന്ദ്രനുവേണ്ടി (55)തെരച്ചില്‍ തുടരുകയാണ്. നാഗരാജന്‍ ആറു വര്‍ഷം മുമ്പ് മരിച്ചിരുന്നു. പൂര്‍ണമായും പരസഹായം വേണ്ട നാഗേന്ദ്രനെ ജീവിതകാലമത്രയും പരിചരിച്ചിരുന്ന സരസ്വതി മരണത്തിലും ഒപ്പം കൂട്ടുകയായിരുന്നുവെന്നു കരുതുന്നു. ‘തന്‍റെ മരണശേഷം മറ്റുള്ളവര്‍ക്ക് ബാധ്യതയാകും എന്ന ഭയം മൂലം നാഗേന്ദ്രനെ മരണത്തില്‍ ഒപ്പം കൂട്ടുന്നു ‘ എന്ന സരസ്വതിയുടെ ആത്മഹത്യക്കുറിപ്പ് വീട്ടില്‍ നിന്നു കണ്ടെത്തി.
നടക്കാനും പരസഹായം വേണ്ട നാഗേന്ദ്രനെ സരസ്വതി വീടിനു സമീപത്തെ കുളത്തിലേക്ക് എത്തിച്ചുവെന്നാണ് കരുതുന്നത്. സരസ്വതിയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. പതിനഞ്ച് അടിയിലേറെ വെള്ളമുള്ള കുളത്തിന്റെ ബണ്ട് പൊട്ടിച്ച് ആഴം കുറച്ച ശേഷമായിരുന്നു തിരച്ചില്‍. ഫയര്‍ഫോഴ്സ് സംഘവും നാട്ടുകാരും തിരച്ചിലിനുണ്ട്. ഒരു വര്‍ഷം മുമ്പ് മകനെ വിദേശത്ത് അയക്കുന്നതിന് വേണ്ടി സരസ്വതി പലിശയ്ക്ക് പണം കടം വാങ്ങിയിരുന്നു.
പലിശ മുടങ്ങിയതിനെ തുടര്‍ന്ന് പണം തിരിച്ച് നല്‍കാന്‍ സമ്മര്‍ദം ശക്തമായതാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പണം നല്‍കേണ്ട അവസാന തീയതി ആയിരുന്നതായും സൂചനകള്‍ ഉണ്ട്. സരസ്വതിയുടെ മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മക്കള്‍ മഹേഷ്, മായ.