കൊല്ലം : ഭര്‍ത്തൃ ഗൃഹത്തിലെ പീഡനത്തെ തുടര്‍ന്ന് കല്ലടയാറ്റില്‍ ജീവനൊടുക്കിയ 22 കാരി രേവതി കൃഷ്ണയുടെ കുടുംബത്തിന് ചിതാഭസ്മം നിമജ്ജനം ചെയ്യാന്‍ പോയപ്പോഴും പീഡനക്കേസില്‍ ഡി.വൈ.എസ്.പി ഓഫീസില്‍ പരാതി പറയാന്‍ പോയപ്പോഴും പോലീസ് നിസാരകാര്യങ്ങള്‍ പറഞ്ഞ് പിഴ ചുമത്തിയെന്ന് ആക്ഷേപം. കിഴക്കേ കല്ലട പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത് പ്രതികാര നടപടിയാണെന്നും ആക്ഷേപമുണ്ട്.
ഭര്‍തൃഗൃഹത്തിലെ പീഡനത്തെ തുടര്‍ന്ന് കിഴക്കേ കല്ലട പോലീസ് ഇതുവരെ നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം നിലപാട് എടുത്തിരുന്നു. വിഷയത്തില്‍ ഡി.വൈ.എസ്.പിക്ക് നേരിട്ട് പരാതി നല്‍കാന്‍ കുടുംബാംഗങ്ങള്‍ പോകുമ്പോള്‍ ആയിരുന്നു ആദ്യത്തെ പെറ്റി. ഡ്രൈവര്‍ക്കൊപ്പം മുന്നിലുണ്ടായിരുന്ന ആള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ആയിരുന്നു പിഴ. യുവതി ചാടി മരിച്ച പാലത്തില്‍ വച്ചു തന്നെയാണ് പെറ്റി എഴുതി നല്‍കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. വാഹനത്തില്‍ ആളുകളുടെ എണ്ണം കൂടിയെന്ന് പറഞ്ഞാണ് രണ്ടാമത്തെ പിഴ ചുമത്തിയത്.
യുവതിയുടെ ചിതാഭസ്മവുമായി പോകുമ്പോഴായിരുന്നു കിഴക്കേ കല്ലട പോലീസിന്റെ തന്നെ രണ്ടാമത്തെ പെറ്റിയെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി. ജൂലായ് 29 നായിരുന്നു കിഴക്കേകല്ലട നിലമേല്‍ ബൈജു ഭവനില്‍ സൈജുവിന്റെ ഭാര്യ രേവതി കടപുഴ പാലത്തില്‍ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയത്. റോഡരുകില്‍ മുട്ട വില്‍പ്പന നടത്തുന്ന സ്ത്രീകളാണ് രേവതി പാലത്തില്‍ നിന്ന് താഴേക്ക് ചാടിയത് കണ്ടത്. ഒരു പെണ്‍കുട്ടി താഴേക്ക് ചാടിയെന്ന ഇവരുടെ നിലവിളികള്‍കേട്ട് പോലീസ് സംഘം ഓടിയെത്തി യുവതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.