കോട്ടയം: കേരളത്തിൽ തുടര്‍ഭരണമുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലാ വിശ്വാസങ്ങളും സംരക്ഷിക്കുന്ന നിലപാടാണ് എൽഡിഎഫിനുള്ളത്. സർക്കാരിനെതിരെ മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് പ്രതിപക്ഷവും ബിജെപിയും ശബരിമല വിഷയം ആവർത്തിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് എതിരെയും കാനം പ്രതികരിച്ചു. സുകുമാരന്‍ നായര്‍ക്ക് രാഷ്ട്രീയമുണ്ടെന്നതിന്റെ സൂചനയാണ് ഇന്ന് രാവിലെ അദ്ദേഹം നടത്തിയ പ്രസ്താവന. തെരഞ്ഞെടുപ്പ് ദിവസം മറ്റൊരു സമുദായ സംഘടനയുടെ നേതാവും നടത്താത്ത പ്രസ്താവനയാണ് ഇന്ന് സുകുമാരൻ നായർ നടത്തിയതെന്നും കാനം പറഞ്ഞു. സംസ്ഥാനത്ത് ഭരണ മാറ്റം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന സുകുമാരൻ നായരുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു കാനം.