ഋഷികേശ് : പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവുമായ സുന്ദര്‍ലാല്‍ ബഹുഗുണ (94) അന്തരിച്ചു. കൊവിഡ് ബാധിച്ച് ഋഷികേശിലെ എയിംസില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് ദിവസമായി അദ്ദേഹം രോഗബാധിതനായിരുന്നു. ഹിമാലയത്തിലെ അതിവേഗമുളള വന നശീകരണത്തിനെതിരെ പ്രതികരിച്ചായിരുന്നു സുന്ദര്‍ലാല്‍ ബഹുഗുണ പ്രശസ്‌തനായത്.
1970കളില്‍ ചിപ്‌കോ പ്രസ്ഥാനത്തില്‍ അംഗമായ അദ്ദേഹം വനനശീകരണത്തിനും അണക്കെട്ട് നിര്‍മ്മാണത്തിനും ഖനനത്തിനുമെതിരെ സര്‍ക്കാരുകളോട് സമരം ചെയ്‌തു. 1980കളില്‍ തെഹ്‌രി അണക്കെട്ടിനെതിരായ സമരം പ്രശസ്‌തമാണ്. ഉത്തരാഖണ്ഡിലെ തെഹ്‌രിക്കടുത്തുളള മറോദ ഗ്രാമത്തില്‍ 1927ലാണ് അദ്ദേഹം ജനിച്ചത്. 2009ല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യം പദ്മ വിഭൂഷണ്‍ നല്‍കി ആദരിച്ചു. തികഞ്ഞ ഗാന്ധിയനും അഹിംസാ വാദിയുമായ അദ്ദേഹത്തിന്റെ സമരങ്ങളും അത്തരത്തിലായിരുന്നു.