കോഴിക്കോട് : സി.പി.എമ്മിനോട് ചേര്‍ന്ന് നിന്ന സുന്നി കാന്തപുരം വിഭാഗം വിമര്‍ശനവുമായി രംഗത്ത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലിബറല്‍ ആശയങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള ഗൂഢതന്ത്രങ്ങളെ വിമര്‍ശിച്ച് സുന്നി യുവജന, വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തുവന്നു. സി.പി.എമ്മുമായുള്ള ആശയസംവാദത്തില്‍നിന്ന് അകന്നുനില്‍ക്കുകയായിരുന്നു കാന്തപുരം വിഭാഗം. എന്നാല്‍, വിദ്യാര്‍ഥി യുവജനങ്ങളില്‍ സ്വതന്ത്ര ചിന്താഗതി വളര്‍ത്തി അതിലൂടെ അവരെ നിരീശ്വര, നിര്‍മത വാദങ്ങളിലേക്കും അരാജകത്വത്തിലേക്കും നയിക്കുന്ന ഇടതു സംഘടന പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് രംഗത്തിറങ്ങിയത്. പാര്‍ട്ടിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അധികാര പിന്‍ബലം തുണയാകുന്നു എന്ന വിലയിരുത്തലില്‍കൂടിയാണ് വിമര്‍ശനം.
സി.പി.എം സമ്മേളനങ്ങളുടെ പശ്ചാത്തലത്തില്‍ മത സംഘടനകളില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയാണ് കാന്തപുരം വിഭാഗത്തിന്റെ നീക്കം. അന്ധമായ സി.പി.എം വിധേയത്വം തങ്ങളുടെ പ്രവര്‍ത്തകരെക്കൂടി അരാജകത്വ വാദത്തിലേക്ക് തള്ളിവിടുമെന്നുള്ള ആശങ്ക വിമര്‍ശനങ്ങളില്‍ പ്രകടമാണ്.
കോഴിക്കോട് ബാലുശ്ശേരി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കിയത് കേവലമൊരു യൂണിഫോം മാറ്റം മാത്രമായി കാണാനാകില്ലെന്നും സി.പി.എമ്മിന്റെ നയ സമീപനത്തിന്റെ ഭാഗമാണെന്നുമാണ് സുന്നി യുവജന സംഘത്തിന്റെ വിലയിരുത്തല്‍. മറുഭാഗത്തിന്റെ വാദമുഖങ്ങള്‍ അവഗണിച്ച് മന്ത്രി തന്നെ രംഗത്തിറങ്ങി അധികാരം ആശയ കൈകടത്തലിന് ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണമാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം സിറാജ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വിമര്‍ശിച്ചു.
ഭരണകൂട പിന്തുണയില്‍ മതനിയമങ്ങളില്‍നിന്നുള്ള വിമോചനത്തിന് ശ്രമിക്കുന്നത് ആപല്‍കരമാണ്. മത ന്യൂനപക്ഷ പിന്തുണ മതസംഘടനകളിലൂടെ നടപ്പാക്കിയിരുന്ന പതിവുരീതിക്കുപുറമെ ലിബറലിസത്തിലൂടെ അവരിലെ പുതിയ തലമുറയെ മതമുക്തരാക്കിയെടുത്ത് ആശയപരമായി തങ്ങളോടൊപ്പം ചേര്‍ത്തുനിര്‍ത്തുകയും ക്രമേണ നേരിട്ടുതന്നെ മത ന്യൂനപക്ഷ വിഭാഗങ്ങളിലേക്ക് ഇറങ്ങിവരാനുള്ള മണ്ണൊരുക്കുകയാണ് ലക്ഷ്യമിടുന്നതെന്നും റഹ്മത്തുല്ല സഖാഫി വ്യക്തമാക്കി.
സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ (എസ്.എസ്.എഫ്) ഇറക്കിയ വാര്‍ത്ത ബുള്ളറ്റിനില്‍ കാമ്ബസുകളിലെ സാംസ്കാരിക, സദാചാര മേഖലയില്‍ അരാജകത്വമുണ്ടാക്കാനുള്ള എസ്.എഫ്.ഐ ശ്രമങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. നാളിതുവരെ കാത്തുസൂക്ഷിച്ച മൂല്യങ്ങളെ തിരസ്കരിച്ച് അനിയന്ത്രിതമായ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ അധാര്‍മികത സ്ഥാപിക്കാനാണ് എസ്.എഫ്.ഐ ശ്രമമെന്നും നിലവാരമുള്ള രാഷ്ട്രീയം പറയാനില്ലാത്ത നിസ്സഹായതയില്‍നിന്നാണ് സദാചാരരാഹിത്യ പ്രവര്‍ത്തനങ്ങള്‍ സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും കുറ്റപ്പെടുത്തുന്നു.
കാസര്‍കോട് എല്‍.ബി.എസ് കോളേജില്‍ ഉള്‍പ്പെടെ എസ്.എഫ്.ഐയുടെ ഇത്തരം നീക്കങ്ങളുടെ അപകടം തിരിച്ചറിഞ്ഞാണ് വിദ്യാര്‍ഥി, യുവജനങ്ങള്‍ക്കിടയിലെ ബോധവത്കരണമെന്ന് എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി സി.എന്‍. ജാഫര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇവിടെ എസ്.എഫ്.ഐ ഇറക്കിയ പോസ്റ്ററുകള്‍ അധാര്‍മികവും മൂല്യനിരാസം ഉയര്‍ത്തുന്നതുമാണ്.
എസ്.വൈ.എസ് കോഴിക്കോട് ജില്ല സെക്രട്ടറി മുഹമ്മദലി കിനാലൂരും സി.പി.എം നയങ്ങളെ വിമര്‍ശിച്ചിരുന്നു. അരാജകത്വ ചിന്ത വളര്‍ത്തുന്ന എസ്.എഫ്.ഐയോ ഡി.വൈ.എഫ്.ഐയോ അല്ല പ്രശ്നമെന്നും മാതൃസംഘടനയായ സി.പി.എമ്മും ചിന്തയില്‍ ചുമന്നുനടക്കുന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമാണ് പ്രശ്നത്തിന്റെ നാരായ വേരെന്നും മുഹമ്മദലി ഫേസ്ബുക്കില്‍ കുറിച്ചു.
































