തൃശൂര്‍ : സ്റ്റോക്കുണ്ടായിട്ടും സപ്ലൈകോ ശാലകളില്‍ സാധനങ്ങള്‍ വില്‍പന നടത്തരുതെന്ന് കര്‍ശന നിര്‍ദേശം. ഓണക്കിറ്റ് ഒരുക്കുന്നതിനാല്‍, നിലവില്‍ സ്റ്റോക്കുള്ള സബ്സിഡി സാധനങ്ങളായ പഞ്ചസാര, ചെറുപയര്‍, പരിപ്പ് എന്നിവയടക്കം വില്‍ക്കരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. അംഗന്‍വാടികള്‍ക്കും സ്കൂളുകള്‍ക്കുമടക്കം നല്‍കുന്ന വിഹിതംപോലും ഓണക്കിറ്റിന്റെ പേരില്‍ നല്‍കേണ്ടതില്ലെന്നാണത്രെ നിര്‍ദേശം. നിത്യോപയോഗ സാധനങ്ങളായ സബ്സിഡി സാധനങ്ങള്‍ വില്‍പനക്ക് റാക്കുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല. ഇങ്ങനെ പ്രദര്‍ശിപ്പിച്ചവ എടുത്തുമാറ്റണം.
സാധാരണ വില്‍പനക്ക് വെച്ചിരിക്കുന്ന സാധനങ്ങള്‍ ഉപയോഗപ്പെടുത്തി 13 വസ്തുക്കളുള്ള കിറ്റ് ഒരുക്കാനാണ് അറിയിപ്പ്. കിറ്റ് വിഭവങ്ങള്‍ എത്തുന്നതോടെ കിറ്റിലേക്ക് എടുത്തവ തിരിച്ചുനല്‍കാമെന്ന ഉറപ്പും ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്. എന്നാല്‍, അവശ്യസാധനമായ പഞ്ചസാരയടക്കം പിടിച്ചുവെക്കുന്നത് ജനദ്രോഹമാണെന്ന് ആക്ഷേപമുണ്ട്. മാത്രമല്ല, ആഘോഷവേളയില്‍ പൊതുവിപണിയില്‍ സാധനങ്ങള്‍ കിട്ടാനില്ലാത്തത് സ്വകാര്യമേഖല ഉപയോഗപ്പെടുത്തുകയും ചെയ്യും.
ഓണക്കിറ്റിനായുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തെങ്കിലും ഇതുവരെ കിട്ടാത്തതാണ് പ്രശ്നങ്ങള്‍ക്ക് അടിസ്ഥാനം. അതിനാലാണ് പൊതുവിതരണ വകുപ്പ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എത്താത്തതിനാല്‍ തിങ്കളാഴ്ച തുടങ്ങേണ്ടിയിരുന്ന കിറ്റ് വിതരണം ഈമാസം 17ലേക്ക് മാറ്റിയിരിക്കുകയാണ്. ഈമാസം ഒന്നിന് ഉത്തരവ് പുറത്തിറക്കിയതിനു പിന്നാലെ സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും എത്താന്‍ ഇനിയും സമയം വേണം.