ന്യൂഡല്‍ഹി : കോവിഡ് മൂന്നാം തരംഗം ഏതു നിമിഷവും ഉണ്ടാകുമെന്നും അതിനായി തയ്യാറെടുക്കേണ്ട സമയമാണിതെന്നും സുപ്രീംകോടതി. ഡല്‍ഹിയിലെ ആശുപത്രികള്‍ക്കുള്ള ഓക്‌സിജന്‍ വിതരണം സംബന്ധിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതി നിര്‍ണായക പരാമര്‍ശം നടത്തിയത്.
ഡല്‍ഹിയില്‍ ഓക്‌സിജന്‍ വിതരണത്തിനു കേന്ദ്രം സ്വീകരിച്ചിരിക്കുന്ന ഫോര്‍മുല അപര്യാപ്തമാണെന്നും സമ്പൂര്‍ണമായ ഉടച്ചുവാര്‍ക്കല്‍ അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. ഓക്‌സിജന്‍ അനുവദിക്കുന്നതില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ലിത്. സംസ്ഥാനങ്ങളിലേക്ക് എങ്ങിനെ ഓക്‌സിജന്‍ എത്തിക്കുമെന്ന് അറിയിക്കണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഡല്‍ഹിയിലെ ആശുപത്രികളില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ഉണ്ടെന്നാണ് സര്‍വേ നടത്തിയപ്പോള്‍ അറിയാന്‍ കഴിഞ്ഞതെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറയിച്ചു. 280 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇന്ന് ഓക്‌സിജന്‍ എക്സ് പ്രസ്സില്‍ എത്തും. ഡല്‍ഹിക്ക് കൂടുതല്‍ ഓക്‌സിജന്‍ നല്‍കുന്നത് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള വിതരണത്തെ ബാധിക്കുമെന്നും കേന്ദ്രം അറിയിച്ചു.
കോവിഡിന്റെ മൂന്നാം തരംഗം ഉറപ്പാണെന്നും പുതിയ വൈറസ് വകഭേദത്തെ നേരിടാന്‍ വാക്‌സീന്‍ നവീകരിക്കേണ്ടതുണ്ടെന്നും സര്‍ക്കാരിന്റെ മുതിര്‍ന്ന ശാസ്ത്ര ഉപദേശകന്‍ കെ.വിജയരാഘവന്‍ ബുധനാഴ്ച പറഞ്ഞിരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,980 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 2,30,168 ആയി.