തൃശൂർ: കൈപമംഗലത്ത് തമിഴ്‌നാട് സ്വദേശികളായ എട്ട് പേരുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ രൂക്ഷപ്രതികരണവുമായി കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. അപകടങ്ങളുടെ പേരിൽ രാഷ്ട്രീയക്കാരും ഭരണാധികാരികളും പരസ്പരം പഴിചാരുന്നത് വെറും ഒളിച്ചോട്ടമാണെന്നും ഉത്തരവാദിത്തങ്ങളിൽ നിന്ന് ആർക്കും കൈകഴുകാൻ സാധിക്കില്ലെന്നും അദ്ദേഹം തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
റോഡ് നിർമ്മാണം നടക്കുന്ന ദേശീയപാതാ ഭാഗങ്ങളിൽ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിൽ എല്ലാ വിഭാഗങ്ങൾക്കും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ദേശീയപാതാ അതോറിറ്റിക്ക് വിഷയത്തിൽ കർശന താക്കീത് നൽകിയിട്ടുണ്ട്. എന്നാൽ ഇതൊരു പരസ്യ തർക്കമാക്കി മാറ്റി സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാൻ ജനപ്രതിനിധികൾ ശ്രമിക്കരുത്. കരാർ കാലാവധി കഴിഞ്ഞിട്ടും അടിസ്ഥാന സുരക്ഷയൊരുക്കാത്ത കരാറുകാരെ കർശനമായി ചോദ്യം ചെയ്യണം. അപകടകരമായ രീതിയിൽ വാഹനം നിർത്തിയിട്ട ലോറി ഡ്രൈവറുടെ നടപടി ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.






























