ചെന്നൈ : തമിഴ് സൂപ്പര്‍ താരം സൂര്യയുടെ സിനിമകള്‍ ഇനി മുതല്‍ തമിഴ്‌നാട്ടിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്‍. വൈറസ് വ്യാപകമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ എല്ലാ മേഖലയെയും പോലെ തന്നെ സിനിമയും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
നടിയും സൂര്യയുടെ ഭാര്യയുമായ ജ്യോതിക അഭിനയിച്ച പുതിയ ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ചാണ് പുതിയ വിവാദങ്ങള്‍ ഉണ്ടായിരിക്കുന്നത്. 2ഡി എന്റര്‍ടൈന്‍മെന്റസിന്റെ ബാനറില്‍ സൂര്യ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘പൊന്‍മകള്‍ വന്താല്‍’. ഈ ചിത്രം ഡിജിറ്റല്‍ റിലീസിങ്ങിന് അണിയറ പ്രവര്‍ത്തകര്‍ തയ്യാറായതാണ് തിയേറ്റര്‍ ഓണേഴ്‌സ് അസോസിയേഷനെ ചൊടിപ്പിച്ചത്. മാര്‍ച്ച് 27ന് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നതാണ് ചിത്രം. തീയേറ്ററുകള്‍ അടച്ചതോടെ റിലീസിങ് അനിശ്ചിതകാലത്തേക്ക് നീളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ചിത്രം ആമസോണ്‍ പ്രൈം ടൈമിലൂടെ ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായത്.
രാജശേഖര്‍ പാണ്ഡ്യനും സൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തീയേറ്ററുകളില്‍ ആദ്യം സിനിമകള്‍ റിലീസ് ചെയ്തതിനുശേഷം മാത്രമേ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ പാടുള്ളൂ എന്ന വ്യവസ്ഥ നിലനില്‍ക്കെയാണ് ഇത്തരത്തിലൊരു നടപടി ഉണ്ടായിരിക്കുന്നത്. ഇതോടെ സൂര്യ ചിത്രങ്ങള്‍ക്ക് ഇനി തീയേറ്ററുകള്‍ നല്‍കില്ല എന്ന് അറിയിച്ചു കൊണ്ട് തമിഴ്‌നാട് തിയേറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി രംഗത്തെത്തുകയായിരുന്നു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ചിത്രം റിലീസ് ചെയ്യരുതെന്ന് തങ്ങള്‍ സൂര്യയോട് ആവശ്യപ്പെട്ടിരുന്നുയെന്നും എന്നാല്‍ അദ്ദേഹം അഭ്യര്‍ത്ഥന മാനിച്ചില്ലായെന്നും സെക്രട്ടറി പറയുന്നു. തങ്ങളുടെ ഈ അഭ്യര്‍ഥന ചെവിക്കൊള്ളാത്തതിനാല്‍ സൂര്യയുടെയും അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെയും ചിത്രങ്ങള്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യരുതെന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നുവെന്നും തിയേറ്റര്‍ ഉടമകളുടെ അസോസിയേഷന്‍ അറിയിച്ചു.