ചേർത്തല: കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രത്തിൽ കാണിക്കവഞ്ചികൾ തകർത്ത് മോഷണം നടത്തിയവരെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്. നഷ്ടപ്പെട്ട തുകയടക്കം ഇവരിൽനിന്ന് കണ്ടെടുത്തു. വയലാർ പഞ്ചായത്ത് ഒന്നാം വാർഡ് സഞ്ജയ് നിവാസിൽ സഞ്ജയ് ബാബു (22), പ്രായപൂർത്തിയാകാത്ത പുതിയകാവ് സ്വദേശി എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലർച്ച 2.30നു ശേഷമായിരുന്നു മോഷണം. ക്ഷേത്രത്തിനു മുന്നിൽ ആനപ്പന്തലിലും വടക്കേനടയിലും സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചികളാണ് തകർത്ത് പണം കവർന്നത്. കിഴക്കേ നടയിലെ കാണിക്കവഞ്ചി തകർക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.
രാവിലെ തന്നെ ക്ഷേത്രം അധികാരികൾ പട്ടണക്കാട് പോലീസിനെ വിവരം അറിയിച്ചിരുന്നു. മോഷ്ടക്കളുടെ ചിത്രങ്ങൾ പതിഞ്ഞ സി.സി ടി.വി ദൃശ്യങ്ങളും കൈമാറിയിരുന്നു. ചിത്രങ്ങൾ വ്യക്തമല്ലെങ്കിലും ഇതുപയോഗിച്ചു പോലീസ് നടത്തിയ പരിശോധനയിലാണ് മോഷ്ടാക്കളെ കുടുക്കിയത്. ഉച്ചക്ക് 12ന് മുമ്പ് മോഷണത്തിലുൾപ്പെട്ട പ്രായപൂർത്തിയാകാത്ത പുതിയകാവ് സ്വദേശിയെ വീട്ടിൽനിന്നും പോലീസ് പിടികൂടി. ഇയാളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രി 11ഓടെ സഞ്ജയ് ബാബുവിനെ പിടികൂടിയത്.