തിരുവനന്തപുരം : യു.എ.ഇ. കോൺസുലേറ്റിലേക്ക് മതഗ്രന്ഥങ്ങൾ എന്നപേരിലെത്തിയ പാഴ്‌സൽ കാർഗോ കോംപ്ലക്സിൽനിന്ന് തിടുക്കപ്പെട്ട് മാറ്റിയതിൽ ദുരൂഹത. ശംഖുംമുഖം കാർഗോ കോംപ്ലക്സിൽനിന്ന് തുറന്ന ലോറിയിലാണ് ഇവ കോൺസുലേറ്റിലേക്ക് മാറ്റിയത്. സമീപത്തെ എഫ്.സി.ഐ. ഗോഡൗണിൽനിന്ന് അരി കടത്തുന്ന ലോറിയാണിത്.
വലിയതുറയ്ക്കു സമീപം താമസിക്കുന്ന അലിയുടേതാണ് കെ.എൽ. 01 സി 6264 എന്ന രജിസ്‌ട്രേഷനുള്ള ലോറി. 4479 കിലോഗ്രാം പാഴ്‌സൽ കൊണ്ടുപോകാൻ വലിയ ലോറിയുടെ ആവശ്യമില്ല. പാഴ്‌സലിൽ മതഗ്രന്ഥങ്ങളാണെന്ന് അവകാശപ്പെടുമ്പോഴും അവ ലോറിയിൽ കടത്തിയതാണ് സംശയത്തിന് ഇടനൽകുന്നത്. പാഴ്‌സൽ കോൺസുലേറ്റിൽ എത്തിച്ചത് മാർച്ച് ആറിനാണ്. വെള്ളിയാഴ്ചയായതിനാൽ അന്ന് കോൺസുലേറ്റിന് അവധിയായിരുന്നു.
ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരൊന്നും സ്ഥലത്തില്ലായിരുന്നു. പാഴ്‌സൽ ഇടപാടിനെക്കുറിച്ച് അറിവുള്ളവർമാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. പാഴ്‌സലിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതാണ് ഈ ക്രമീകരണമെന്നും അറിയുന്നു. ഇവയിൽ ചിലതാണ് പിന്നീട് സർക്കാർ വാഹനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്ക് കൊണ്ടുപോയത്.