കൊച്ചി: കുഞ്ചാക്കോ ബോബനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ‘പദ്മിനി’ സിനിമയുടെ നിര്‍മാതാവ് സുവിന്‍ കെ വര്‍ക്കി. രണ്ടരക്കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും പ്രമോഷനില്‍ പങ്കെടുക്കാതെ നടന്‍ കുഞ്ചാക്കോ ബോബന്‍ വഞ്ചിച്ചെന്ന ആരോപണത്തിന് പിന്നാലെ ഒരു അഭിമുഖത്തിലായിരുന്നു സുവിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘സിനിമയുടെ ടീസര്‍, ഓഡിയോ ലോഞ്ച് തുടങ്ങി ഒരു ഓഫ്ലൈന്‍ മാര്‍ക്കറ്റിങ് മാര്‍ക്കറ്റിങ് പരിപാടികള്‍ക്കും ചാക്കോച്ചന്‍ സഹകരിച്ചിട്ടില്ല. ഒരു പടം ഓഫ്ലൈനില്‍ മാര്‍ക്കറ്റ് ചെയ്‌തെങ്കില്‍ മാത്രമേ ഫാമിലി ഓഡിയന്‍സ് അടക്കമുള്ളവരിലേക്ക് അത് എത്തുകയുള്ളൂ. ചാക്കോച്ചന്റെ അസാന്നിധ്യം സിനിമയെ നല്ലരീതിയില്‍ ബാധിച്ചിട്ടുണ്ട്. നായകന്റെ താരപരിവേഷം കണ്ടാണല്ലോ ആളുകള്‍ ആദ്യം സിനിമ ശ്രദ്ധിക്കുന്നത്.
ദേശീയ അവാര്‍ഡ് നേടിയ സംവിധായകനും നടിയുമാണ് ഈ സിനിമയിലുള്ളത്. സെന്ന ഹെഗ്ഡെയും അപര്‍ണ ബാലമുരളിയും നൂറുശതമാനം ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്. അപര്‍ണ ഒരു ദിവസം രാവിലെ മുതല്‍ വൈകുന്നേരം ആറുമണി വരെ ക്രൗണ്‍ പ്ലാസയില്‍ ഇന്റര്‍വ്യൂ, പ്രൊമോഷന്‍ വര്‍ക്കുകള്‍ക്കായി കാത്തിരുന്നു. അദ്ദേഹം എത്തിയില്ല. മറ്റ് ആര്‍ട്ടിസ്റ്റുകളും സംവിധായകരുമൊന്നും വേറെ പണിയില്ലാതെ ഇരിക്കുന്നവരല്ല. അവരുടെ സമയത്തിനും വിലയുണ്ട്. സെല്‍ഫ് റെസ്പെക്ട് പോലും കിട്ടാതെ വരുമ്പോഴാണ് ആളുകള്‍ വിവരം പുറത്തുപറയാന്‍ നിര്‍ബന്ധിതരാകുന്നത് – സുവിന്‍ പറയുന്നു.