തൃശൂര്‍ : കലശലായ നെഞ്ചുവേദനയുണ്ടെന്ന് ആവര്‍ത്തിച്ച് ഒരാഴ്ചയിലേറെ ആശുപത്രിയില്‍ കഴിഞ്ഞ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ആന്‍ജിയോഗ്രാം പരിശോധനയ്ക്കു മുന്‍പു മലക്കം മറിഞ്ഞു. ആന്‍ജിയോഗ്രാമിനു സമ്മതപത്രം എഴുതി വാങ്ങാനെത്തിയ മെഡിക്കല്‍ സംഘത്തോടു നെഞ്ചുവേദന മാറിയെന്നും പരിശോധന പിന്നീടാകാമെന്നും സ്വപ്ന പറഞ്ഞു. വൈകുന്നേരം അഞ്ചോടെ അവരെ വിയ്യൂര്‍ ജയിലിലേക്കു കൊണ്ടുപോയി. നെഞ്ചുവേദനയെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് ഇവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ ആന്‍ജിയോഗ്രാമിനു തയ്യാറല്ലെന്നു സ്വപ്ന അറിയിച്ചു. ഇതു രേഖാമൂലം എഴുതി നല്‍കുകയും ചെയ്തു.
നെഞ്ചുവേദന അനുഭവപ്പെട്ട സ്വപ്ന കഴിഞ്ഞയാഴ്ച ആറുദിവസം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. അടിക്കടി നെഞ്ചുവേദനയെന്ന് പറയുന്ന സാഹചര്യത്തില്‍ എക്കോ ടെസ്റ്റ് നടത്തിയെങ്കിലും കുഴപ്പം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീടാണ് ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. സ്വപ്നയ്ക്കു കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നു മെഡിക്കല്‍ ബോര്‍ഡ് വീണ്ടും സ്ഥിരീകരിച്ചതോടെ ആശുപത്രിവാസം നാടകമായിരുന്നോയെന്ന സംശയത്തിലാണു ജയില്‍വകുപ്പ്.
സ്വപ്നയ്ക്ക് ഒരുതരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങളില്ലെന്നു മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയതിന്റെ പിറ്റേന്നാണ് ഇവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ഇവര്‍ക്കു സന്ദര്‍ശകരെ അനുവദിക്കരുതെന്നും പുറംലോകവുമായി ആശയ വിനിമയത്തിന് അവസരം ഒരുക്കരുതെന്നും കാട്ടി ജയില്‍ സൂപ്രണ്ടുമാര്‍ പോലീസിനു കത്തു നല്‍കിയിരുന്നു. എന്നാല്‍, സ്വപ്ന ആശുപത്രി സെല്ലിനുള്ളില്‍നിന്നു ഫോണ്‍ ചെയ്തെന്ന സൂചന ലഭിച്ചതോടെ ആശുപത്രിവാസം ആസൂത്രിതമെന്ന സൂചന ശക്തമായി. സ്വപ്നയെ രണ്ടാമതും ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ ഇസിജി, ഇക്കോ പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും കാര്യമായ പ്രശ്നങ്ങള്‍ കണ്ടില്ല. ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ ഒരുങ്ങിയെങ്കിലും ഇവര്‍ നെഞ്ചുവേദന ശക്തമാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇതോടെയാണ് ആന്‍ജിയോഗ്രാം നിര്‍ദേശിച്ചത്.