ന്യൂഡൽഹി : ഇന്ത്യയുടെ രണ്ടാമത്തെ തദ്ദേശീയ വാക്സീനായ സൈകോവ് ഡി ക്ക് ഉപയോഗാനുമതി തേടിയുള്ള അപേക്ഷ രണ്ടാഴ്ചയ്ക്കുള്ളിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ പരിഗണിക്കും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേരിൽ ട്രയൽ നടത്തിയ വാക്സീൻ ഘടനയിലും കുത്തിവെയ്പ് രീതിയിലും മറ്റുള്ളവയിൽ നിന്നു വ്യത്യസ്തമാണ്. മറ്റു വാക്സീനുകൾ പേശിയിൽ കുത്തിവെയ്ക്കുമ്പോൾ ഡിഎൻഎ അധിഷ്ഠിത സൈകോവ് ഡി തൊലിക്കടിയിലാണ് കുത്തിവയ്ക്കുക (ഇൻട്രഡെർമൽ). 3 ഡോസ് വാക്സീനാണിത്. 28,000 പേരിലായിരുന്നു പരീക്ഷണം.
കുട്ടികൾക്കു നൽകാവുന്ന വാക്സീനുകളുണ്ടെങ്കിലും ലഭ്യത പ്രശ്നമെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രാലയം. വിദേശ രാജ്യങ്ങളിൽ കുട്ടികളിൽ കുത്തിവെയ്പു തുടങ്ങിയ ഫൈസർ ഇന്ത്യയിൽ ലഭ്യമാകുമെന്ന സൂചനകൾക്കിടെയാണ് പ്രതികരണം.
കുട്ടികളുടെ കണക്കെടുക്കുമ്പോൾ 26 കോടി ഡോസ് ആവശ്യമാണെന്നും ഉടനടി ഇതു ലഭ്യമാകാൻ സാധ്യതയില്ലെന്നുമാണ് ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചത്. വാക്സീൻ മൂലമുള്ള വിപരീത ഫലങ്ങൾക്കു നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത ഒഴിവാക്കണമെന്ന വിദേശ കമ്പനികളുടെ ആവശ്യത്തിൽ തീരുമാനമായിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം. ഇതേ ആവശ്യവുമായി സീറം ഇൻസ്റ്റിറ്റ്യൂട്ടും രംഗത്തു വന്നിട്ടുണ്ട്. രാജ്യത്തെ 60 ശതമാനത്തിൽ കൂടുതൽ മുതിർന്ന പൗരന്മാർക്ക് ഒരു ഡോസ് വീതമെങ്കിലും വാക്സീൻ ലഭിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.