സിഡ്നി: തിങ്കളാഴ്ച ഓസ്ട്രേലിയയിലെ സിഡ്നിയിലെ പള്ളിയിൽ നടന്ന ആക്രമണം ഭീകരാക്രമണമന്ന് പോലീസ്. അസീറിയൻ ക്രൈസ് ദി ഗുഡ് ഷെപ്പേർഡ് പള്ളിയിൽ തിങ്കളാഴ്ചയാണ് കത്തിക്കുത്ത് നടന്നത്. ബിഷപ്പിനും വൈദികനും വിശ്വാസികൾക്കും നേരെയാണ് 16കാരന്റെ ആക്രമണം നടന്നത്. നാല് പേർക്ക് ഗുരുതര പരിക്കേറ്റു. ആക്രമിക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. പള്ളിയുടെ ലൈവ് സ്ട്രീമിംഗിലും ആക്രമണ ദൃശ്യങ്ങൾ വന്നിരുന്നു. സിഡ്നിക്ക് സമീപമുള്ള വേക്ക്ലിയിലാണ് കത്തിയാക്രമണം നടന്നത്. ആശയപരമായ തീവ്രസ്വഭാവമുള്ള ആക്രമണമാണ് അസീറിയൻ ഓർത്തഡോക്സ് പള്ളിയിലുണ്ടായതെന്ന് പോലീസ് വിശദമാക്കി. പക്ഷെ പതിനാറുകാരന്റെ കൂടുതൽ വിവരം പുറത്ത് വിട്ടിട്ടില്ല.
ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പിന്നാലെ സിഡ്നിയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ചെറുനഗരത്തിൽ നിരവധി പേരാണ് പോലീസുമായി വാക്കേറ്റത്തിലേർപ്പെട്ടത്. പരിക്കേറ്റ അക്രമിയ്ക്ക് പള്ളിക്കുള്ളിൽ വച്ച് തന്നെ ചികിത്സ നൽകുന്നതിനിടെ നിരവധി പേരാണ് പ്രതിഷേധവുമായി ഇവിടേക്ക് സംഘടിച്ചെത്തിയത്. ഇവർ പള്ളിക്ക് കാവൽ നിൽക്കുകയായിരുന്ന പോലീസ് സംഘത്തെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചിരുന്നു. ഈ ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.