കരിങ്കല്ലത്താണി : വിപണിയിൽ വ്യാപകമായി സിറിഞ്ച് മിഠായി. രക്ഷിതാക്കളും സ്കൂൾ അധികൃതരും ഭീതിയിൽ. സ്കൂൾ കുട്ടികളെ ഉദ്ദേശിച്ചാണ് സിറിഞ്ചിനുള്ളിൽ മധുരപദാർഥം നിറച്ച രീതിയിൽ മിഠായി വിൽക്കപ്പെടുന്നത്. സിറിഞ്ചിന് പുറത്ത് ഒട്ടിച്ച സ്റ്റിക്കറിൽ നിർമാതാക്കളുടെ പേരോ മറ്റുവിവരങ്ങളോ രേഖപ്പെടുത്തിയിട്ടുമില്ല.
അഞ്ചുരൂപയ്ക്കാണ് ലഭ്യതയെന്നതിനാൽ കുട്ടികൾക്കിടയിൽ സിറിഞ്ച് മിഠായി വാങ്ങുന്നവരും കൂടുതലാണ്. ആശുപത്രികളിൽ നിന്നും ഒറ്റത്തവണ ഉപയോഗ ശേഷം വലിച്ചെറിയുന്ന സിറിഞ്ചുകൾ ഇത്തരത്തിൽ ഉപയോഗിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കേണ്ടതുണ്ട്.