ചിറ്റാർ: ജനങ്ങൾക്ക് ഭീഷണിയായി ചിറ്റാർ ഊരാൻ പാറയിൽ സ്ഥിരമായി ഇറങ്ങുന്ന കാട്ടാനകളേയും മണിയാർ അരീക്ക കാവിൽ ഇറങ്ങുന്ന കാട്ടുപോത്തിനെയും മയക്കുവെടിവെച്ച് പിടികൂടി ഉൾവനത്തിൽ വിടണമെന്ന് കേരള കോൺഗ്രസ് (എം)ചിറ്റാർ മണ്ഡലം പ്രവർത്തകയോഗം ആവശ്യപ്പെട്ടു.രണ്ട് കാട്ടാനകൾ കാട്ടിൽ നിന്നും കക്കാട്ടാർ നീന്തിക്കടന്ന് ചിറ്റാർ ഊരാമ്പാറ പ്രദേശത്ത് ജനവാസ മേഖലയി ലിറങ്ങി കൃഷി വിളകൾ നശിപ്പിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ദിവസവും നൂറുകണക്കിന് വാഹനങ്ങളും കാൽനടക്കാരും സഞ്ചരിക്കുന്ന പ്രധാന പാത മുറിച്ചുകടന്നാണ് ആനകൾ കൂട്ടത്തോടെ എത്തുന്നത്. ആനകൾ കടന്നു പോകുമ്പോൾ വനപാലകരും നാട്ടുകാരും റോഡിൽ നിന്ന് മുന്നറിയിപ്പു നൽകുന്നതു കൊണ്ടു മാത്രമാണ് വൻ ദുരന്തം ഉണ്ടാകാത്തത്. ഈ പ്രദേശത്തെ ഏക്കർ കണക്കിന് കൃഷി വിളകളാണ് ഇതിനോടകം കാട്ടാനകൾ നശിപ്പിച്ചത്.
വലിയ ദുരന്തം ഉണ്ടാകുന്നതിനു മുമ്പ് അപകട ഭീഷണി ഉയർത്തുന്ന ഈ കാട്ടാനകളെ മയക്കുവെടിവെച്ച് ഉൾ വനമേഖലയിൽ വിടാൻ നടപടി സ്വീകരിക്കണം. ഇതിനു സമാനമായ രീതിയിൽ മണിയാർ അരീക്കാവ് ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തുന്ന കാട്ടുപോത്തിനെയും മയക്കുവെടിവെച്ച് പിടിച്ച് ഉൾവനത്തിൽ വിടാൻ നടപടി സ്വീകരിക്കണം. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ട്. ഇതിനായി സമരപരിപാടികൾ ശക്തമാക്കാൻ യോഗം തീരുമാനിച്ചു. സമ്മേളനം കേരള കോൺഗ്രസ് (എം) സംഘടനാ കാര്യ ജില്ലാ ജനറൽ സെക്രട്ടി ഏബ്രഹാം വാഴയിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റജി തോമസ് അദ്ധ്യക്ഷത വഹിച്ചു.കോന്നി നിയോജക മണ്ഡലം പ്രസിഡൻ്റ് ക്യാപ്റ്റൻ സി വി വർഗീസ്, സംസ്ഥാന കമ്മറ്റി അംഗം ചെറിയാൻ കോശി, അശോകൻ കൊടുമുടി, ഈ.കെ വിജയൻ, ജോമോൾ സിജു, രാജൻ ജോൺ,എ.ജി. ശിവൻകുട്ടി, എന്നിവർ പ്രസംഗിച്ചു.