ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് മൂന്ന് ഡോക്ടര്‍മാര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈ സര്‍ക്കാര്‍ ആശുപത്രിയിലെയും ഒരു സ്വകാര്യ ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച ഡോക്ടര്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുവരെ എട്ട് ഡോക്ടര്‍മാര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം ധാരാവിയില്‍ കോവിഡ് 19 ബാധിച്ച് ഒരാള്‍കൂടി മരിച്ചു. 80 വയസുകാരനാണ് മരിച്ചത്. ഇതോടെ ധാരാവിയില്‍ മരിച്ചവരുടെ എണ്ണം നാലായി. അതിനിടെ കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന മുംബൈയില്‍ രോഗികളുടെ എണ്ണം ആയിരത്തി അഞ്ഞൂറ് കടന്നു. മഹാനഗരത്തില്‍ ഇന്നലെ മാത്രം 10 പേര്‍ മരിച്ചു. ഇതോടെ മുംബൈയിലെ മരണസംഖ്യ 65 ആയി. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ ഇന്നലെ മാത്രം 11 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ കോവിഡ് കേസുകള്‍ 28 ആയി ഉയര്‍ന്നു.
ജനത്തിരക്കേറിയ മേഖലകളിലും രോഗവ്യാപനം പ്രകടമായ ഇടങ്ങളിലും കൂടുതല്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ധാരാവി ട്രാന്‍സിറ്റ് ക്യാംപ് മുനിസിപ്പല്‍ സ്‌കൂളില്‍ 700 ഐസൊലേഷന്‍ കിടക്കകളുടെ സംവിധാനം സജ്ജമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാജീവ് ഗാന്ധി ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലുള്ള 300 കിടക്കകളുടെ കേന്ദ്രത്തിനു പുറമേയാണിത്. മുംബൈയില്‍ ഹോസ്റ്റലുകള്‍, സ്‌റ്റേഡിയങ്ങള്‍, ലോഡ്ജുകള്‍ എന്നിവടങ്ങളില്‍ ക്വാറന്റീന്‍ സൗകര്യം അടിയന്തരമായി ഒരുക്കാന്‍ മുംബൈ കോര്‍പറേഷന്‍ തീരുമാനിച്ചു. മാറുന്ന സാഹചര്യത്തില്‍ പരിചരണരീതി സംബന്ധിച്ച് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കി.