ചെന്നൈ: അടിയന്തരാവസ്ഥക്കാലത്ത് താൻ മിസ നിയമപ്രകാരം അറസ്റ്റിലായെന്ന വാദം വ്യാജമാണെന്ന മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ‘‘തമ്പീ വിജയ്, ചരിത്രം മാറ്റാൻ കഴിയില്ല. സംശയമുണ്ടെങ്കിൽ നിയമസഭയിലെ ലൈബ്രറിയിൽ പോയി പഠിക്കണം’’ എന്നായിരുന്നു സ്റ്റാലിന്റെ മറുപടി. അടിയന്തരാവസ്ഥക്കാലത്ത് മെയ്ന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ട് (മിസ) പ്രകാരം അറസ്റ്റിലായ സംഭവമാണ് സ്റ്റാലിൻ വിശദീകരിച്ചത്. മിസ നിയമത്തെ എതിർത്തതിന്റെ പേരിലാണ് അന്ന് ഡിഎംകെ സർക്കാർ പിരിച്ചുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് തന്നെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഗോപാലപുരത്തെ വീട്ടിലെത്തിയിരുന്നു. എന്നാൽ അന്ന് വീട്ടിലില്ലാതിരുന്നതിനാൽ പിറ്റേന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ജയിലിൽ ക്രൂരമായ പീഡനങ്ങൾ നേരിട്ടതായും സ്റ്റാലിൻ പറഞ്ഞു. മർദനത്തെ തുടർന്ന് ഡിഎംകെ നേതാവും എംപിയുമായ സി. ചിട്ടിബാബു ജയിലിൽവച്ച് മരിച്ചെന്നും തന്റെ താടിയെല്ല് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.






























