ചെന്നൈ : കര്‍ണാടകയ്ക്ക് പിന്നാലെ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശന നിയന്ത്രണവുമായി തമിഴ്‌നാടും. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്ന എല്ലാവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സെര്‍ടിഫികറ്റ് നിര്‍ബന്ധമാക്കി. ആരോഗ്യമന്ത്രി എം.എ സുബ്രഹ്മണ്യമാണ് പുതിയ തീരുമാനം അറിയിച്ചത്.
തമിഴ്‌നാട്-കേരള അതിര്‍ത്തിയിലെ പരിശോധന ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ തീരുമാനം നടപ്പിലാവുന്നത് വ്യാഴാഴ്ച മുതല്‍. രണ്ട് ഡോസ് വാക്‌സിനെടുത്ത് 14 ദിവസം പിന്നിട്ടവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ സെര്‍ടിഫികറ്റില്ലാതെ തമിഴ്‌നാട്ടിലേക്ക് കടക്കാം. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സര്‍കാരിന്റെ തീരുമാനം.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ 1,859 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തില്‍ 20,000ത്തോളം പേര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു. 12 ശതമാനത്തിന് മുകളിലാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നേരത്തെ കര്‍ണാടകയും കേരളത്തില്‍ നിന്നുള്ള യാത്രക്ക് ആര്‍.ടി.പി.സി.ആര്‍ സെര്‍ടിഫികറ്റ് നിര്‍ബന്ധമാക്കിയിരുന്നു.