ചെന്നൈ : തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ച രാമനാഥപുരം സ്വദേശിയായ 75കാരന്റെ മൃതദേഹം സംസ്കരിച്ചത് മാനദണ്ഡം പാലിക്കാതെയെന്ന് ആരോപണം. പ്ലാസ്റ്റിക് കവറില്‍ പ്രത്യേകം പൊതിഞ്ഞാണ് ആരോഗ്യവകുപ്പ് അധികൃതര്‍ മൃതദേഹം വിട്ടുകൊടുത്തത്. എന്നാല്‍ കുടുംബാംഗങ്ങളും ബന്ധുക്കളും ചേര്‍ന്ന് കവര്‍ അഴിച്ചുമാറ്റി മൃതദേഹം കുളിപ്പിച്ച് മതാചാര പ്രകാരം കീഴക്കരൈ പള്ളി ഖബര്‍സ്ഥാനില്‍ സംസ്കരിക്കുകയായിരുന്നു. ചടങ്ങില്‍ നിരവധി പേര് പങ്കെടുത്തു.
ഏപ്രില്‍ രണ്ടിന് ദുബായില്‍ നിന്ന് മടങ്ങവെ രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ചെന്നൈ സ്റ്റാന്‍ലി ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. അന്ന് വൈകീട്ട് തന്നെ മരിക്കുകയും ചെയ്തു. ശ്വാസതടസ്സം മൂലമാണ് മരണമെന്നു പറഞ്ഞ് അധികൃതര്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചെന്നൈയില്‍ നിന്ന് ആംബുലന്‍സില്‍ പത്തുമണിക്കൂറോളം യാത്ര ചെയ്താണ് മൃതദേഹം നാട്ടിലെത്തിച്ചത്. 20ഒാളം പേര് അനുഗമിച്ചു. വെള്ളിയാഴ്ചയാണ് മൃതദേഹം സംസ്കരിച്ചത്, ഞായറാഴ്ച രാവിലെ രോഗം സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പുറത്തായി. സംസ്കാരത്തിന്റെ പ്രോട്ടോക്കോള്‍ അധികൃതര്‍ ബന്ധുക്കളെ ബോധ്യപ്പെടുത്തിയിരുന്നില്ല. പള്ളിയില്‍ ഉദ്യോഗസ്ഥര്‍ ആരും എത്തിയതുമില്ല.
സംഭവം വിവാദമായതോടെയാണ് റവന്യു- ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയത്. ചടങ്ങില്‍ പങ്കെടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ 50 ഓളം പേര് സമ്പര്‍ക്ക വിലക്കിലാണ്. ഗ്രാമത്തിലെ 300 ഓളം പേര് നിരീക്ഷണത്തിലുമാണ്. ശ്വാസതടസ്സമാണ് മരണ കാരണമെന്നു പറഞ്ഞാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതെന്നും സംസ്കരിച്ച ശേഷമാണ് രോഗം ബാധിച്ചിരുന്നതായി അറിയിക്കുന്നതെന്നും മുസ്ലിംലീഗ് നേതാവും രാമനാഥപുരം എം.പിയുമായ നവാസ്കനി പറഞ്ഞു.