കയ്പമംഗലം: ദേശീയപാത 66 കയ്പമംഗലം 12 ല്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന തിരുവനന്തപുരം മരിയാപുരം സ്വദേശി രാജാമണി (55) ആണ് മരിച്ചത്. മറ്റൊരു കാര്‍ യാത്രികനായ തിരുവനന്തപുരം പാറശാല സ്വദേശി ചന്ദ്രദാസ് (50) നെ പരിക്കുകളോടെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.
വോട്ട് ചെയ്യുന്നതിനായി നാട്ടിലേക്ക് പോയി തിരിച്ച് ജോലി സ്ഥലത്തേക്ക് വരുന്നതിനിടെയാണ് അപകടം. തിരൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോയിരുന്ന ടാങ്കര്‍ ലോറിയില്‍ എതിരെ വന്ന കാര്‍ ഇടിച്ച് കയറുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണം. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഉടന്‍ തന്നെ ചൂലൂര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഇവരെ കൊടുങ്ങല്ലുര്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാജാമണി മരണപ്പെട്ടിരുന്നു.
ഗുരുതര പരിക്കേറ്റ ചന്ദ്രദാസിനെ തൃശൂര്‍ അശ്വിനി ആശുപത്രിയിലേക്ക് മാറ്റി. കാറിെന്റ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഇരുവരും ചാവക്കാടും, കേച്ചേരിയിലും ക്രാസി വര്‍ക്ക് കട നടത്തി വരികയാണ്. കയ്പമംഗലം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.