രാമനാഥപുരം : തമിഴ്‌നാട്ടിൽ വിദ്യാർത്ഥികൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ അധ്യാപകനെ അറസ്റ്റ് ചെയ്തു. ശിശുക്ഷേമ സമിതി നടത്തിയ അവബോധ പരിപാടിക്കിടെയാണ് സ്‌കൂളിലെ ഗണിത, സാമൂഹ്യശാസ്ത്ര അധ്യാപകർക്കെതിരെ 15 വിദ്യാർത്ഥികളാണ് പരാതി നൽകിയത്. ക്ലാസെടുക്കുന്നതിനിടെ ഈ അധ്യാപകർ ദ്വയാർത്ഥത്തിൽ സംസാരിക്കുകയും ദുരുദ്ദേശത്തോടെ സ്പർശിക്കുകയും സ്‌കൂൾ സമയത്തിന് ശേഷം അനാവശ്യമായി ഫോൺ ചെയ്യാറുണ്ടെന്നും കുട്ടികൾ പരാതിപ്പെട്ടു.
ഒമ്പത്, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതി പോലീസിൽ അറിയിച്ചതോടെ സാമൂഹിക ശാസ്ത്ര അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഗണിത അധ്യാപകൻ ഒളിവിലാണെന്നും ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കിയെന്നും പോലീസ് പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫിസർ, ശിശു സംരക്ഷണ ഓഫീസർ എന്നിവരും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.