തിരുവനന്തപുരം: ഭക്ഷണം കഴിക്കുന്നതിനിടയില്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അധ്യാപിക മരിച്ചു. മംഗലപുരത്തെ സ്വകാര്യ സ്കൂൾ അധ്യാപികയായ ധന്യ (38) ആണ് മരിച്ചത്. വെഞ്ഞാറമ്മൂട് മണലിമുക്ക് പണിക്കരുകോണം സ്വദേശിനിയായ ഇവർ ജോലിക്ക് പോകുന്നതിനുള്ള സൗകര്യാർത്ഥം കണിയാപുരത്ത് വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ബുധനാഴ്ച വൈകിട്ടോടെ വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അസ്വസ്ഥതയുണ്ടായത്. ചൂര മീന്‍ അച്ചാറും മരിച്ചീനി പുഴുങ്ങിയതുമാണ് ഇവര്‍ കഴിച്ചിരുന്നതെന്ന് സമീപവാസികൾ പറഞ്ഞു. ഭക്ഷണം കഴിച്ചയുടനെ കടുത്ത ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു.
ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ തലസ്ഥാനത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകിയ മൃതദേഹം മണലിമുക്കിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭര്‍ത്താവ്: ശ്രീജിത്. മകള്‍: ശ്രദ്ധ.




























