കുളക്കട : കുളക്കട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപികയ്ക്ക് ഭീഷണി. സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ എസ്.ജെസിക്ക് സാമൂഹ്യ മാധ്യമത്തിലൂടെ അധ്യാപകന്റെ ഭീഷണി. ഇതേ സ്കൂളിലെ ഹയർ സെക്കൻഡറി അധ്യാപകനാണ് പരോക്ഷമായ വധഭീഷണിയുയർത്തുന്ന സന്ദേശം സ്കൂളിലെ ഔദ്യോഗിക ചർച്ചകൾക്കുള്ള വാട്സാപ്പ് ഗ്രൂപ്പിൽ അയച്ചത്. ”ആരോടു പറയും… നാളെ റൂം തുറക്കുമോ… അതോ ഇന്നേപ്പോലെ അലയണോ. ഏതായാലും എന്തായാലും വരച്ചവരയിൽ നിൽക്കില്ല”-ഇങ്ങനെ പോകുന്നു സന്ദേശം.
പുത്തൂർ പോലീസ് സ്റ്റേഷനിൽ പ്രിൻസിപ്പൽ നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ: പ്രിൻസിപ്പലിന്റെ ഓഫീസും സ്റ്റാഫ് റൂമും ഒന്നാണ്. എന്നാൽ ചില അധ്യാപകർ ഇവിടിരിക്കാതെ തൊട്ടടുത്ത മുറിയിൽ സജ്ജമാക്കിയിരിക്കുന്ന ലാബിലാണ് വിശ്രമിക്കുന്നത്. എല്ലാവരും സ്റ്റാഫ് റൂമിൽ തന്നെ ഇരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചിലർ അനുസരിച്ചില്ല. ഇതേത്തുടർന്ന് കഴിഞ്ഞദിവസം ലാബ് പൂട്ടി. ഇതിൽ പ്രകോപിതനായാണ് അധ്യാപകൻ ഇത്തരത്തിൽ സന്ദേശം രാത്രി പത്തരയോടെ ഇട്ടത്. തനിക്ക് സംരക്ഷണം വേണമെന്നും പ്രിൻസിപ്പൽ പോലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.