തിരുവനന്തപുരം : ലോക്ഡൗണില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാകേന്ദ്രം മാറ്റാന്‍ അപേക്ഷിച്ചത് പതിനായിരത്തില്പരം വിദ്യാര്‍ഥികള്‍. പരീക്ഷാകേന്ദ്രം മാറ്റുന്നതിനുള്ള ഓണ്‍ലെെൻ അപേക്ഷ സമര്‍പ്പണം വ്യാഴാഴ്ച വൈകുന്നേരം അവസാനിച്ചിരുന്നു. മൊത്തം 10,923 പേരാണ് അപേക്ഷിച്ചത്. 1866 കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷകേന്ദ്രം മാറ്റാന്‍ അപേക്ഷിച്ചു.
4754 കുട്ടികള്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാകേന്ദ്രവും 4081 പേര് രണ്ടാംവര്‍ഷ പരീക്ഷാകേന്ദ്രവും മാറ്റാന്‍ അപേക്ഷിച്ചിട്ടുണ്ട്. 124 പേര് വിഎച്ച്എസ്ഇ ഒന്നാംവര്‍ഷ പരീക്ഷാകേന്ദ്രവും 95 പേര് രണ്ടാംവര്‍ഷ പരീക്ഷാകേന്ദ്രവും മാറ്റാന്‍ അപേക്ഷിച്ചു. എസ്എസ്എല്‍സി ഹിയറിങ് ഇംപയേഡ് വിഭാഗത്തില്‍ രണ്ടും ടിഎച്ച്എസ്എല്‍സിക്ക് ഒരാളും പരീക്ഷാകേന്ദ്രം മാറാന്‍ അപേക്ഷിച്ചിട്ടുണ്ട്. കേന്ദ്രം മാറാന്‍ അനുമതിയുള്ളവരുടെ പട്ടിക ശനിയാഴ്ച വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, പ്രീെമട്രിക്/ പോസ്റ്റ്മെട്രിക് ഹോസ്റ്റലുകള്‍, സ്പോര്‍ട്സ് ഹോസ്റ്റല്‍, സാമൂഹിക ക്ഷേമവകുപ്പിന് കീഴിലെ ഷെല്‍ട്ടര്‍ ഹോം എന്നിവിടങ്ങില്‍ താമസിച്ചുപഠിക്കുന്ന കുട്ടികള്‍, ഗള്‍ഫിലും ലക്ഷദ്വീപിലും മറ്റ് ജില്ലകളിലും അകപ്പെട്ട വിദ്യാര്‍ഥികള്‍ എന്നിവരില്‍ നിന്നാണ് പരീക്ഷകേന്ദ്രം മാറാന്‍ അപേക്ഷ ക്ഷണിച്ചത്. അതേസമയം അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാകേന്ദ്രം മാറ്റി നല്‍കുന്നതിന് അനുമതി നല്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പരീക്ഷാകേന്ദ്രം മാറ്റത്തിന് കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ ജില്ലകളില്‍ പ്രത്യേക പരീക്ഷകേന്ദ്രം അനുവദിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ ഉത്തരവില്‍ നിര്‍ദേശം നല്കി.