പത്തനംതിട്ട : ഓമല്ലൂർ ചന്തയിൽ പേവിഷബാധ ലക്ഷണങ്ങളോടെ തെരുവുനായയെ കണ്ടെത്തി. നായയുടെ വായിൽ നിന്നു നുരയും പതയും വന്ന നിലയിൽ നായയെ ചന്തയ്ക്കുള്ളിൽ കണ്ടെത്തുകയായിരുന്നു. ലക്ഷ്ണങ്ങള്‍ പ്രകടിപ്പിച്ച നായ പഴയ കടമുറിക്കുള്ളിലേക്ക് ഓടിക്കയറി. വ്യാപാരികൾ ചേർന്നു പലകയും വലിയ കല്ലും ഉപയോഗിച്ചു കടമുറി അടച്ചു.
കൂട്ടത്തോടെ നായ്ക്കള്‍ ചന്തയ്ക്കുള്ളില്‍ തമ്പടിക്കുന്നതിനാല്‍ പ്രദേശത്തുനിന്നു ഇവയെ മാറ്റാനുള്ള നടപടികള്‍ പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്നു വ്യാപാരികൾ ആവശ്യപ്പെട്ടതാണ്. ഇതുവരെ അധികൃതർ വഴങ്ങിയില്ല. പേ സംശയിക്കുന്ന നായയെ മാറ്റാൻ ജില്ലയിൽ സംരക്ഷണ കേന്ദ്രമില്ലെന്നു പഞ്ചായത്ത് പ്രസിഡന്‍റ് ജോൺസൺ വിളവിനാൽ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എത്തി നായയ്ക്ക് പേവിഷബാധ ലക്ഷണങ്ങളുള്ളതായി അറിയിച്ചിട്ടുണ്ട്.
നായയെ പുറത്തിറങ്ങാതിരിക്കാൻ കടയ്ക്കുള്ളിൽ തന്നെ കെട്ടിയിടാൻ പരിശീലനം നേടിയ നായപിടിത്തക്കാരുടെ സഹായം തേടിയിട്ടുണ്ടെന്നും അക്രമാസക്തമായാൽ മയക്കുന്നതിനായി മൃഗസംരക്ഷണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം കഴിക്കാൻ പറ്റാത്തതിനാൽ രണ്ടു ദിവസത്തിനുള്ളിൽ നായ ചത്തുപോകാമെന്ന് വെറ്ററിനറി ഡോക്ടർ പറഞ്ഞിട്ടുണ്ടെന്നും ജോൺസൺ പറഞ്ഞു.