തിരുവനന്തപുരം : സ്‌കൂളുകള്‍ക്കുള്ള പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ. രാവിലെ 10 മണിയ്ക്ക് കരമന ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആണ് ഉദ്ഘാടനം. പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് സംസ്ഥാനതല പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. മന്ത്രിമാരായ ജി ആര്‍ അനില്‍, അഡ്വ. ആന്റണി രാജു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കും സി.ബി.എസ്.ഇ സ്‌കൂളുകളിലെ മലയാളം ഭാഷാ വിഷയങ്ങളിലേയും കേരള സംസ്ഥാന സിലബസില്‍ അദ്ധ്യയനം നടത്തുന്ന ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ കുട്ടികള്‍ക്കുമുള്ള ഒന്നു മുതല്‍ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളും അച്ചടിച്ച് വിതരണം നടത്തുന്നത് കേരള പൊതുവിദ്യാഭ്യാസ വകുപ്പാണ്. ഒന്നു മുതല്‍ എട്ടുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ സര്‍ക്കാര്‍ കുട്ടികള്‍ക്ക് സൗജന്യമായാണ് നല്‍കിവരുന്നത്. നിലവിലെ കരിക്കുലമനുസരിച്ച് ഒന്നുമുതല്‍ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ മൂന്ന് വാല്യങ്ങളായാണ് അച്ചടിക്കുന്നത്. ഒന്നാം വാല്യം 288 ടൈറ്റിലുകളും രണ്ട്, മൂന്ന് വാല്യങ്ങള്‍ യഥാക്രമം 183, 66 എന്നിങ്ങനെ ടൈറ്റിലുകളുമാണ്.
2022-23 അദ്ധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ അച്ചടിയും സമയബന്ധിതമായി പൂര്‍ത്തീകരിച്ച് യഥാസമയം കുട്ടികളിലെത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതിനകം തന്നെ ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തികരിക്കുകയും പാഠപുസ്തകങ്ങള്‍ വിവിധ ജില്ലാ ഹബ്ബുകളിലായി വിതരണത്തിനായി എത്തിക്കുകയും ചെയ്തിട്ടുണ്ട്. 288 റ്റൈറ്റിലുകളിലായി 2,84,22,066 (രണ്ട് കോടി എണ്‍പത്തി നാല് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി അറുപത്തി ആറ്) എണ്ണം ഒന്നാം വാല്യം പാഠപുസ്തകങ്ങളാണ് ഇപ്പോള്‍ വിതരണത്തിനായി തയ്യാറായിരിക്കുന്നത്.
നിലവില്‍ ജില്ലാ ഹബ്ബുകള്‍ക്ക് ലഭ്യമായ പാഠപുസ്തകങ്ങള്‍ 2022-23 അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നേ സ്‌കൂള്‍ സൊസൈറ്റികള്‍ വഴി കുട്ടികള്‍ക്ക് വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും വകുപ്പ് മുഖേന ചെയ്തു കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കോവിഡ് വളരെയധികം പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യങ്ങളിലും അദ്ധ്യയനം ആരംഭിക്കുന്നതിന് വളരെ മുന്നെ തന്നെ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ കൈകളില്‍ എത്തിക്കാന്‍ നടപടി കൈക്കൊണ്ടിട്ടുണ്ട്. വാക്ക് പറഞ്ഞാല്‍ അത് പാലിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.