ഡല്‍ഹി : നിസാമുദ്ദീന്‍ മര്‍കസില്‍ നിന്ന് ഡല്‍ഹി ലോക്നായക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 31 തബ്ലീഗ് പ്രവര്‍ത്തകരെ കൊവിഡ് പരിശോധനഫലം നെഗറ്റീവാണെന്ന് കണ്ട് ഡിസ്ചാര്‍ജ് ചെയ്തു. കൊല്ലം, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് മലയാളികളടക്കമുള്ള സംഘത്തെ ആശുപത്രിക്ക് പുറത്തുള്ള മറ്റൊരു കെട്ടിടത്തിലേക്കാണ് മാറ്റിയത്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ സദ്യ നല്കി ഇവരെ യാത്രയാക്കി. മാര്‍ച്ച് 31നാണ് നിസാമുദ്ദീനില്‍ നിന്നുള്ള സംഘത്തെ ആദ്യമായി ഡല്‍ഹി ലോക്നായക് ആശുപത്രിയിലെത്തിച്ചത്.
രാജ്യമൊട്ടുക്കും തബ്ലീഗിനെ കുറിച്ച് ഭീതിപരത്തിയ മാധ്യമ പ്രചാരണങ്ങള്‍ക്കിടയിലാണ് ഡല്‍ഹി പോലീസും സര്‍ക്കാരും തബ്ലീഗ് ആസ്ഥാനത്തിന്റെ നിയന്ത്രണമേറ്റെടുക്കുന്നത്. രോഗലക്ഷണങ്ങളില്ലാഞ്ഞിട്ടും അതുണ്ടെന്ന് പറഞ്ഞാണ് 2000 പ്രവര്‍ത്തകരില്‍ അഞ്ഞൂറോളം പേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയത്. ബാക്കിയുളളവരെ വിവിധ സര്‍ക്കാര്‍ ഭവന സമുച്ചയങ്ങളിലേക്ക് മാറ്റി. ഇവിടെ പാര്‍പ്പിച്ച ഭൂരിഭാഗം പ്രവര്‍ത്തകരെയും ഒരാഴ്ച കഴിഞ്ഞിട്ടും അധികൃതര്‍ പരിശോധിച്ചില്ല. ഇക്കാര്യം ചില മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന ശേഷമാണ് ഇപ്പോള്‍ നെറ്റീവാണെന്ന് തെളിഞ്ഞവരുടെ പോലും പരിശോധന നടത്താന്‍ തയാറായത്.
മാര്‍ച്ച് 24ന് രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മര്‍കസില്‍ കുടുങ്ങിയവരായിരുന്നു ഇവര്‍. ഡല്‍ഹി സര്‍ക്കാരും പോലീസും ആദ്യം മര്‍കസിനകത്ത് അവരെ തടഞ്ഞുവെച്ച് പിന്നീട് ഒഴിപ്പിക്കുകയായിരുന്നു. നിസാമുദ്ദീന്‍ പരിപാടിയില്‍ പങ്കെടുത്ത 57 മലയാളികള്‍ മാര്‍ച്ച് 12നുള്ളില്‍ കേരളത്തിലെത്തിയിരുന്നു. ഇതില്‍ ഒരാള്‍ക്ക് മാത്രമാണ് ഇപ്പോള്‍ കൊവിഡ് പോസിറ്റീവുള്ളത്.