കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പില്‍ സംവരണ സീറ്റുകള്‍ നിര്‍ണയിച്ചത് ചോദ്യം ചെയ്‍തുള്ള ഹർജികള്‍ ഹൈക്കോടതി തള്ളി. 87 ഹർജികളാണ് തള്ളിയത്. തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ വന്ന ശേഷമാണ് ഹർജിക്കാര്‍ കോടതിയെ സമീപിച്ചതെന്നും ഇതില്‍ ഇടപെടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജികള്‍ തളളിയത്. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നു തവണ സംവരണ സീറ്റായി നിശ്ചയിച്ച നടപടി ചോദ്യം ചെയ്‍തായിരുന്നു ഹർജികള്‍ സമര്‍പ്പിച്ചത്. ഇത്തരത്തില്‍ സംവരണ സീറ്റുകള്‍ നിശ്ചയിക്കുന്നതിലൂടെ പൊതുവിഭാഗത്തിലുള്ളവരുടെ അവസരം നഷ്ടപ്പെടുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു. 100-ലധികം വാര്‍ഡുകളെ ബാധിക്കുന്നതായിരുന്നു ഹർജികള്‍.
ദീര്‍ഘകാലത്തേക്ക് വാര്‍ഡുകള്‍ സംവരണ സീറ്റുകളായി മാറുന്നതിലൂടെ പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകാന്‍ കഴിയാത്തത് അവസരം നിഷേധിക്കലാണെന്ന് ഹൈക്കോടതിയുടെ തന്നെ മുന്‍ വിധിയുണ്ട്. പാലാ മുന്‍സിപ്പാലിറ്റി, കാലടി ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലെ ഓരോ വാര്‍ഡുകളിലെ സംവരണ സീറ്റ് നിര്‍ണയം പുന:പരിശോധിക്കാന്‍ നിര്‍ദേശിച്ചു കോടതി വിധി പ്രസ്താവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നൂറിലധികം ഹര്‍ജികള്‍ കോടതിയുടെ പരിഗണനക്കെത്തിയത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചതു കൊണ്ടു വാര്‍ഡുകളുടെ പുനര്‍നിര്‍ണയം ബുദ്ധിമുട്ടാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഹൈക്കോടതി ലിസ്റ്റ് പുനക്രമീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന ആശങ്ക നിലനില്‍ക്കെയാണ് ഹർജികള്‍ ഹൈക്കോടതി ഇന്ന് തള്ളിയത്.