ദുബായ്: അർദ്ധരാത്രി ഒരു മണിക്ക് ദുബായ് പോലീസിൽ നിന്നൊരു ഫോൺ കോൾ എത്തുമ്പോൾ ഏതൊരു രക്ഷിതാവിന്റെയും നെഞ്ചിലൊരു ഭീതിയുണ്ടാകും. ദുബായിൽ മാധ്യമപ്രവർത്തകയായ യാസ്മിൻ സെയ്ദോയ്ക്കും സംഭവിച്ചത് മറ്റൊന്നുമല്ല. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനായി ദുബായിലെ ഒരു ഹോട്ടലിൽ തങ്ങിയിരുന്ന 17 വയസ്സുകാരിയായ മകളെക്കുറിച്ചുള്ള അന്വേഷണമായിരുന്നു ആ കോൾ. എന്നാൽ മകൾ സുരക്ഷിതയാണെന്ന ആശ്വാസവാർത്ത ആദ്യം തന്നെ പങ്കുവെച്ച ശേഷമാണ് ടൂറിസം പോലീസ് ഓഫീസർ കാര്യങ്ങൾ വിശദീകരിച്ചത്.ഹോട്ടലിൽ മുറിയെടുത്തിരുന്ന കൂട്ടത്തിലെ മറ്റു സുഹൃത്തുക്കൾക്കെല്ലാം 18 വയസ്സ് പൂർത്തിയായിരുന്നു.
എങ്കിലും യാസ്മിൻ സെയ്ദോയുടെ മകൾക്ക് 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകൾ ഈ ഹോട്ടലിൽ തങ്ങുന്ന കാര്യം അമ്മയ്ക്ക് അറിവുള്ളതാണോ എന്നും അനുവാദമുണ്ടോ എന്നും നേരിട്ട് ഉറപ്പുവരുത്താനാണ് പോലീസ് അർദ്ധരാത്രിയിൽ ആ രക്ഷിതാവിനെ ബന്ധപ്പെട്ടത്. തുടക്കത്തിൽ പരിഭ്രമിച്ചെങ്കിലും മകളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് കാണിച്ച ഈ കരുതൽ തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് അൽ അറബിയ 99 എഫ്.എമ്മിലൂടെ യാസ്മിൻ പിന്നീട് പങ്കുവെച്ചു.പലപ്പോഴും കൗമാരക്കാരായ കുട്ടികൾ വീട്ടിൽ പറയുന്ന സ്ഥലങ്ങളിലാവില്ല സുഹൃത്തുക്കൾക്കൊപ്പം തങ്ങുന്നത് എന്നതിനാലാണ് രക്ഷിതാക്കളെ നേരിട്ട് വിളിച്ച് സത്യവസ്ഥ ഉറപ്പുവരുത്തുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സംഭാഷണത്തിന് ഒടുവിൽ ആ ഉദ്യോഗസ്ഥന്റെ പേര് ചോദിച്ചെങ്കിലും താൻ കടമ മാത്രമാണ് നിർവ്വഹിച്ചതെന്നും വ്യക്തിപരമായ പ്രശംസ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം മറുപടി നൽകി. കുട്ടികളുടെയും കൗമാരക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഒരു ടീമായിട്ടാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നായിരുന്നു ഓഫീസറുടെ പ്രതികരണം.































