കോന്നി : തണ്ണിത്തോട് സെൻട്രൽ ജംഗ്ഷനിൽ നിന്നും വി കെ പാറയിലേക്ക് പോകുന്നതിനായി നിർമ്മിച്ച നടപ്പാലം പുനർ നിർമ്മിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. തണ്ണിത്തോട് പഞ്ചായത്ത് പശ്ചിമ ഘട്ട വികസന പദ്ധതിയിൽ 21 വർഷങ്ങൾക്ക് മുൻപാണ് തണ്ണിത്തോട് സെൻട്രൽ ജംഗ്ഷന് സമീപത്ത് കൂടി ഒഴുകുന്ന വലിയ തോടിന്റെ ഇരുകരകളെയും ബന്ധിപ്പിച്ച് പാലം പണിതത്. സെൻട്രൽ ജംഗ്ഷനിൽ നിന്നും വി കെ പാറ, കെ കെ പാറ , അംഗനവാടി പടി റോഡ്, സരസ്വതി വിദ്യാ നികേതൻ സ്കൂൾ എന്നിവടങ്ങളിലേക്ക് സഞ്ചരിക്കുവാനുള്ള എളുപ്പ വഴിയും ഇതാണ്.
കല്ലാറ്റിൽ ചെന്ന് ചേരുന്ന വലിയ തോടിന് കുറുകെ ഉള്ള പാലം ആയതിനാൽ മഴക്കാലത്ത് തോട്ടിലൂടെ ഒഴുകി എത്തിയ തടിയും മറ്റും ഇടിച്ച് പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയവും സംഭവിച്ചിട്ടുണ്ട്. പാലത്തിന്റെ ചുവട്ടിലെ കോൺക്രീറ്റ് ഇളകി മാറി ഇവിടം പൊള്ളയായി മാറിയിട്ടുണ്ട്. അറ്റകുറ്റപണികൾ നടത്തി പാലം നവീകരിക്കുകയോ വാഹനങ്ങൾ കടന്ന് പോകുന്ന രീതിയിൽ പാലം പുനർനിർമ്മിക്കുകയോ ചെയ്യണം എന്നാണ് നാട്ടുകാരുടെ ആവശ്യം.