കോന്നി : കെട്ടിലും മട്ടിലും ആകെ മാറിയിരിക്കുകയാണ് തണ്ണിത്തോട് ഗവണ്മെന്റ് വെൽഫയർ യൂ പി സ്കൂൾ. പതിനഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിൽ മോഡൽ പ്രീ പ്രൈമറി നിർമ്മിച്ചത്. സ്‌കൂളിലേക്ക് കടന്നു വരുന്ന കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന രീതിയിൽ ആണ് ഇവിടെ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. വിവിധ തരം ചിത്രങ്ങളും ശില്പങ്ങളും ഗ്രാമ കാഴ്ചകളും എല്ലാം ഒരുക്കി മലയോര മേഖലയിലെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സ്കൂൾ ഇപ്പോൾ അതീവ ഭംഗി കൈവരിച്ചിരിക്കുകയാണ്.
കെട്ടിടത്തിന്റെ ഭിത്തിയിൽ പോലീസ് സ്റ്റേഷന്റെയും റെയിൽവേ സ്റ്റേഷന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ആകർഷകമായ ക്ലാസ് റൂമുകൾ, പ്രൊജക്ടർ റൂം, സ്കൂൾ മതിലുകളിൽ തൃമാന ദൃശ്യത്തിൽ റിലീഫ് വർക്കുകൾ, കുട്ടികളുടെ പാർക്ക്, വായന മൂല, അഭിനയ മൂല,ശാസ്ത്ര മൂല, ഗണിത മൂല, പുതിയ ബഞ്ചുകൾ, ഡെസ്ക്കുകൾ, തീം ബേസ്ഡ് കാർട്ടൻ ഫൗണ്ടൻ, ഗുഹ, ഹെലികോപ്റ്റർ, ഡോൾഫിൻ, ആമ എന്നിവയുടെ ശില്പങ്ങൾ, എക്കോ പാർക്ക്, ട്രാഫിക് ചിഹ്നങൾ,ഗുഹക്ക് മുകളിൽ കാവലിരിക്കുന്ന സിംഹത്തിന്റെ ശില്പം, കൃത്രിമ വെള്ളചാട്ടം, കുളത്തിന് കുറുകെ ഉള്ള നടപ്പാത തുടങ്ങിയവ എല്ലാം സ്കൂളിനെ ആകർഷകമാക്കിയിട്ടുണ്ട്.