പത്തനംതിട്ട : തണ്ണിത്തോട്ടില്‍ ഹൗസ് ക്വാറന്‍റെയിനില്‍ കഴിഞ്ഞ പെണ്‍കുട്ടിക്കെതിരെ തണ്ണിത്തോട് പോലീസ് എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് ചീഫ് ആഫീസിനു മുമ്പില്‍ സത്യാഗ്രഹം അനുഷ്ഠിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
4 പേര്‍ മാത്രമാണ് സമരരംഗത്ത് ഉണ്ടായിരുന്നത്. നിയമപരമായാണ് നേതാക്കള്‍ സത്യാഗ്രഹത്തിനെത്തിയത്. തണ്ണിത്തോട്ടിലെ ഇരയായ പെണ്‍കുട്ടിയുടെ സംരക്ഷണത്തിനു ഡി.സി.സി ഏതറ്റംവരെയും പോകുമെന്ന് ബാബു ജോര്‍ജ്ജ് പറഞ്ഞു. പെണ്‍കുട്ടിക്കെതിരെ എടുത്ത കേസിനെ നിയമപരമായി നേരിടുന്നതിനു ലോയേഴ്സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് അഡ്വ. എബ്രഹാം മാത്യു പനച്ചമൂട്ടില്‍, ഡി.സി.സി സെക്രട്ടറി അഡ്വ. വി. ആര്‍ സോജി എന്നിവരെ ഡി.സി.സി ചുമതലപ്പെടുത്തിയതായും ബാബു ജോര്‍ജ്ജ് പറഞ്ഞു. തണ്ണിത്തോട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ അന്വേഷണച്ചുമതയില്‍നിന്നു മാറ്റിനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസ് പിന്‍വലിക്കുവാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി ഡി.സി.സി രംഗത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.