തണ്ണിത്തോട്: തണ്ണിത്തോട് – മേക്കണ്ണത്ത് കൃഷിയിടങ്ങളിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാകുന്നു. കാട്ടാനകൾ കൃഷിയിടങ്ങളിലിറങ്ങി കോലിഞ്ചി ഉൾപ്പടെയുള്ള കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവാകുന്നു.
രാത്രിയിലിറങ്ങുന്ന കാട്ടാനകൾ കോലിഞ്ചി ചവിട്ടിയും പിഴുതും നശിപ്പിക്കുകയാണ്. തണ്ണിത്തോട് തക്ഷശിലയിൽ സുകേശന്റെ മൂന്ന് ഏക്കറിലധികം വരുന്ന സ്ഥലത്തെ കോലിഞ്ചി കൃഷി കാട്ടാനകൾ നശിപ്പിച്ചു. ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് കൃഷിയിറക്കിയ നിരവധി പേരുടെ കോലിഞ്ചി കൃഷിയിടങ്ങൾ കാട്ടാനകൾ നശിപ്പിച്ചു കഴിഞ്ഞു.
വനാതിർത്തിയിൽ സ്ഥാപിച്ചിരുന്ന സൗരോർജ വേലികൾ അറ്റകുറ്റപണികൾ തീർത്ത് നന്നാക്കുന്നതിനോ പുതിയവ സ്ഥാപിക്കുന്നതിനോ വനം വകുപ്പ് ശ്രമിക്കുന്നില്ലന്നും കർഷകർ ആരോപിക്കുന്നു. പ്രദേശത്തെ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിന് വനം, കൃഷി വകുപ്പുകൾ ശ്രമിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു