കൊച്ചി : പത്തനംതിട്ട തറയില്‍ ഫിനാന്‍സ് ഉടമയെ സഹായിക്കുവാന്‍ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രധാന പ്രതി തോമസ് ഡാനിയേല്‍ എന്ന റോയി രംഗത്തെത്തി. ഇതനുസരിച്ച് തറയില്‍ ഫിനാന്‍സ് ഉടമ സജി സാമിനുവേണ്ടി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകുന്നത് പോപ്പുലറിന്റെ അഭിഭാഷകരാണ്. പന്ത്രണ്ടോളം കേസുകളില്‍ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും. തട്ടിപ്പിന് ഇരയായ നിക്ഷേപകരും നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ്. സജി സാം ഇപ്പോള്‍ റിമാന്റിലാണ്. ഭാര്യയെ അറസ്റ്റ് ചെയ്തിട്ടില്ല.
പത്തനംതിട്ട ഓമല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചു വന്നതാണ് തറയില്‍ ഫിനാന്‍സ്. സജി സാമിന്റെയും ഭാര്യയുടെയും കൂട്ടുത്തരവാദിത്വത്തിലാണ് സ്ഥാപനം നടത്തിയിരുന്നത്. പത്തനാപുരം, അടൂര്‍, പത്തനംതിട്ട, ഓമല്ലൂര്‍ എന്നിവിടങ്ങളിലായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചു വന്നിരുന്നത്. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യവും വിശ്വാസ്യതയും തറയില്‍ ഫിനാന്‍സിന് ഉണ്ടായിരുന്നു. സ്വര്‍ണ്ണ പണയ ഇടപാടുകള്‍ക്ക് മാത്രമാണ് അനുമതി ഉണ്ടായിരുന്നത്, എങ്കിലും നിരവധി പേരുടെ കയ്യില്‍നിന്നും നിക്ഷേപങ്ങള്‍ സ്വീകരിച്ചു. പലിശ മുടങ്ങാതെ കൃത്യമായി നല്‍കുകയും ചെയ്തിരുന്നു. ഭാര്യയുടെ പേരില്‍ ഓമല്ലൂരില്‍ ഒരു പെട്രോള്‍ പമ്പും നടത്തുന്നു. ഇത് ഇപ്പോള്‍ പൂട്ടിയിട്ടിരിക്കുകയാണ്.
എഴുപതു കോടി രൂപയില്‍ താഴെയാണ് തറയില്‍ ഫിനാന്‍സ് തട്ടിപ്പില്‍ നഷ്ടപ്പെട്ടിട്ടുള്ളതെന്നാണ് ഏകദേശ കണക്ക്. നിക്ഷേപകരില്‍ ബഹുഭൂരിപക്ഷവും പരാതിയുമായി എത്തിയിട്ടില്ല. ഇരുനൂറ്റിയമ്പതോളം പരാതികളാണ് നിലവില്‍ പോലീസ് സ്റ്റേഷനുകളില്‍ എത്തിയിരിക്കുന്നത്. പരസ്പര ബന്ധം ഇല്ലാതിരുന്ന നിക്ഷേപകര്‍ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ഇപ്പോള്‍ സംഘടിച്ചിരിക്കുകയാണ്. പോപ്പുലര്‍ തട്ടിപ്പിന് ഇരയായവര്‍ നീങ്ങിയ അതേ പാതയില്‍ നിയമനടപടികളുമായി മുമ്പോട്ടു പോകുവാനാണ് ഇവരുടെ നീക്കം.
തറയില്‍ ഫിനാന്‍സ് മനപൂര്‍വ്വം തകര്‍ത്തതെന്ന് കരുതാന്‍ കഴിയില്ല. കാരണം സജി സാമിന്റെ ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയുമാണ് കൂടുതല്‍ നിക്ഷേപങ്ങളും. പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയിയുമായി വളരെ അടുത്തബന്ധം തറയില്‍ ഫിനാന്‍സ് ഉടമ സജിക്ക് ഉണ്ടായിരുന്നു. തറയില്‍ ഫിനാന്‍സില്‍ നിക്ഷേപമായി ലഭിച്ച ഇരുപത് കോടിയോളം രൂപ പോപ്പുലര്‍ ഫിനാന്‍സില്‍ സജി സാം നിക്ഷേപിച്ചിരുന്നു എന്നാണ് വിവരം. പതിനെട്ടു ശതമാനം പലിശ ഇവിടെനിന്നും ലഭിക്കുമായിരുന്നു. എന്നാല്‍ പോപ്പുലര്‍ പൂട്ടിയതോടെ പലിശയും മുതലും നഷ്ടപ്പെട്ട അവസ്ഥയിലായി തറയില്‍ ഫിനാന്‍സ്. പലിശ മുടങ്ങിയതോടെ പലരും നിക്ഷേപം മടക്കി ചോദിച്ചു തുടങ്ങി. നിവര്‍ത്തിയില്ലാതായത്തോടെ സജി സാം വീട് പൂട്ടി കുടുംബമായി മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഏതാനും നാളുകള്‍ കഴിഞ്ഞ് സജി സാം പത്തനംതിട്ട പോലീസില്‍ കീഴടങ്ങി. ഇപ്പോള്‍ റിമാന്റില്‍ ആണ്.
BREAKING ; തിരുവല്ലയിലെ എസ്.എന്‍ ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ നിക്ഷേപകന്‍ പരാതി നല്‍കി