പത്തനംതിട്ട : തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമ സജിക്കൊപ്പം ഒളിവില്‍ പോയ മാനേജിംഗ് പാട്ണറായ ഭാര്യ റാണിയെയും കേസില്‍ പ്രതി ചേര്‍ത്തു. സജി സാമിന്റെ വസ്തു ഇടപാടുകളും പോലീസ് പരിശോധിക്കും. റാണി നിലവില്‍ ഒളിവിലാണ്. തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പില്‍ പ്രതി സജി സാമിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി. റിമാന്‍ഡിലുള്ള സജി സാമിനായി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും.
മക്കളുടെ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. സൈബര്‍ സാമ്പത്തിക വിദഗ്ധര്‍ക്കൂടി അന്വേഷണത്തില്‍ പങ്കാളികളാണ്. തട്ടിപ്പിന് പിന്നിലെ ആസൂത്രണ സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. സ്വര്‍ണ പണയം കുറഞ്ഞതും പോപ്പുലര്‍ ഫിനാന്‍സിന്റെ തകര്‍ച്ചയുമാണ് തിരിച്ചടിയായതെന്ന സജിയുടെ മൊഴിയും പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.