കണ്ണൂര്‍ : സ്ഥാനാര്‍ഥി പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ച കെ.സുധാകരന്‍ എംപിയെ തള്ളി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കെ. സുധാകരനോട് നിരവധി തവണ ചര്‍ച്ച നടത്തിയെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. സ്‌ക്രീനിങ് കമ്മറ്റിയും സംസ്ഥാന ഇലക്ഷന്‍ കമ്മറ്റിയും അദ്ദേഹത്തിന്റെ അഭിപ്രായം തേടി. സുധാകരനോട് മാത്രമല്ല എല്ലാ എംപിമാരുമായും ഇക്കാര്യങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകളെ ഉള്‍ക്കൊള്ളിക്കാനായി പരമാവധി ശ്രമം നടത്തി. പക്ഷേ വിജയസാധ്യതയാണ് പ്രധാനമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു. സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച എല്ലാവരുമായും പ്രാദേശിക നേതൃത്വം സംസാരിക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും സ്ഥാനാര്‍ഥി പട്ടികയില്‍ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സീറ്റ് ലഭിക്കാത്തവരെ ഭാവിയില്‍ എങ്ങനെ പരിഗണിക്കാന്‍ സാധിക്കുമെന്ന് പരിശോധിക്കും. യുഡിഎഫ് ഭൂരിപക്ഷം നേടുമെന്നും സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.