കോന്നി : പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് കോന്നി പെരിഞ്ഞൊട്ടക്കൽ സി എഫ് ആർ ഡി കോളേജിൽ നിർമ്മിച്ച സി എഫ് ടി കെ അക്കാദമിക് ബ്ലോക്ക് കെട്ടിടം കാട് കയറി നശിക്കുന്നു. പെരിഞ്ഞൊട്ടക്കലിൽ സി എഫ് ആർ ഡിയുടെ നേതൃത്വത്തിൽ 2009 ലാണ് പതിനഞ്ച് കുട്ടികളെ ചേർത്ത് എം എസ് സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷുറൻസ് കോഴ്സ് ആരംഭിക്കുന്നത്. ക്യാമ്പസിലെ പഴയ കെട്ടിടത്തിൽ ആണ് ക്ലാസ് ആരംഭിച്ചത്. 2009ൽ മുപ്പത് കുട്ടികളെ ചേർത്ത് ബി എസ് സി കോഴ്സും ആരംഭിച്ചു. അതോടൊപ്പം അന്ന് അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണം ആരംഭിച്ച് 2013 ൽ കെട്ടിടം ഉത്ഘാടനം ചെയ്യുകയും ചെയ്തു. ഈ കെട്ടിടമാണ് ഇപ്പോൾ കാട് കയറി നശിക്കുന്നത്. ലബോറട്ടറി മേൽക്കൂര ചോർന്ന് ഒലിക്കാൻ തുടങ്ങിയതോടെ ക്ലാസ് ഇവിടെ നിന്ന് മാറ്റുകയായിരുന്നു.
സി എഫ് ആർ ഡി കോളേജിൽ പ്രിൻസിപ്പൽ ഇല്ലാതെയായിട്ട് ഒരു വർഷം കഴിഞ്ഞു. വൈസ് പ്രിൻസിപ്പൽ ഇല്ലാത്തതിനാൽ കോളേജിലെ സീനിയർ അധ്യാപകനാണ് ചാർജ്ജ് നൽകിയിരിക്കുന്നത്. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന കോളേജിന്റെ അവസ്ഥ ഇപ്പോൾ പ്രതിസന്ധിയിൽ ആണ്. നിലവിൽ ബി എസ് സി കോഴ്സിൽ 29 പേരും എം എസ് സി കോഴ്സിൽ 16പേരുമാണ് ഉള്ളത്. ബി എസ് സി ക്ക് 40 സീറ്റ് ആണ് ഉള്ളത് എങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകൾ മൂലം കുട്ടികൾ വളരെയേറെ കുറഞ്ഞിട്ടുണ്ട്. എം ബി എ കോഴ്സ്നായി കെട്ടിടം നിർമ്മിച്ചു എങ്കിലും കെട്ടിടത്തിന്റെ നമ്പർ ഇടുകയോ വൈദ്യുതി ലഭിക്കുകയോ ചെയ്തിട്ടില്ല. കോഴ്‌സും തുടങ്ങിയില്ല. ഇവിടെയാണ് ഇപ്പോൾ താത്കാലിക ക്ലാസ് നടത്തുന്നത്.