പാലക്കാട്: നാല് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി ആറു വർഷത്തിന് ശേഷം പിടിയിൽ. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഒന്നാം പ്രതി സുരേഷ് കുമാറിനെ തമിഴ്നാട്ടിൽ നിന്നാണ് പാലക്കാട് നോർത്ത് പോലീസ് പിടികൂടിയത്. 2019ൽ പാലക്കാട് റെയിൽവേ സ്റ്റേഷന് അടുത്താണ് ഈ ക്രൂരമായ സംഭവം നടന്നത്. സ്റ്റേഡിയം പരിസരത്ത് താമസിച്ചിരുന്ന ഒരു നാടോടി കുടുംബത്തിലെ നാല് വയസുകാരിയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ കുടുംബത്തിന് തൊട്ടടുത്ത് താമസിച്ചിരുന്ന അഞ്ച് പേർ ചേർന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്. കൂട്ടബലാത്സംഗത്തിനിടെ കുഞ്ഞ് കൊല്ലപ്പെടുകയായിരുന്നു. തുടർന്ന് മൃതദേഹം ഒരു പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ചു.
തുടക്കത്തിൽ പോലീസിന് യാതൊരു തുമ്പും ലഭിച്ചിരുന്നില്ലെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരായിരുന്നു കേസിലെ പ്രതികൾ. ജാമ്യത്തിലിറങ്ങിയ ശേഷം ഒന്നാം പ്രതി സുരേഷ് കുമാർ, രണ്ടാം പ്രതി പടയപ്പ, നാലാം പ്രതിയും സുരേഷ് കുമാറിന്റെ ഭാര്യയുമായ ഫെമിന എന്നിവർ ഒളിവിൽ പോവുകയായിരുന്നു. ഇവരിൽ സുരേഷ് കുമാറിനെയാണ് തമിഴ്നാട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ഇന്നലെ രാത്രിയോടെ പാലക്കാട് എത്തിച്ചു. കോടതി നടപടികൾക്ക് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റും. മറ്റ് രണ്ട് പ്രതികളായ പടയപ്പ, ഫെമിന എന്നിവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കേസിലെ മറ്റ് രണ്ട് പ്രതികൾ ഇപ്പോൾ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.




























